കൊല്‍ക്കത്ത: റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റൈനബിള്‍ എനര്‍ജി (റൈസ്) യിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അഞ്ച് മിനിറ്റിനുള്ളില്‍ 94 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിവുള്ള തദ്ദേശീയ സോഡിയം-അയണ്‍ ബാറ്ററി വികസിപ്പിച്ചതായി അവകാശപ്പെട്ടു. ആഗോള ഇ വി, ഊര്‍ജ്ജ സംഭരണ വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്ന പരമ്പരാഗത ലിഥിയം- അയണ്‍ ബാറ്ററികളുടെ പ്രകടനവുമായി പൊരുത്തപ്പെടുകയും ചില പാരാമീറ്ററുകളില്‍ മറികടക്കുകയും ചെയ്യുന്നു.
ലി-അയണ്‍ സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി ടിസിജി- ക്രെസിന്റെ സാള്‍ട്ട് ലേക്ക് കാമ്പസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയില്‍ കൊബാള്‍ട്ട്, നിക്കല്‍, ചെമ്പ്, ലിഥിയം എന്നിവ ഉപയോഗിക്കുന്നില്ല.
പദ്ധതി പ്രകാരം കാര്യങ്ങള്‍ മുന്നേറുകയാണെങ്കില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ വ്യാവസായിക വാണിജ്യ ആപ്ലിക്കേഷനുകളില്‍ പ്രോട്ടോടൈപ്പ് സ്ഥാപിക്കാനാവും. പത്തുമുതല്‍ 12 ബില്യന്‍ ഡോളര്‍ വരെയാണ് വാണിജ്യ ആപ്ലിക്കേഷനുകളില്‍ നിക്ഷേപിക്കേണ്ടി വരിക.
ഹാല്‍ഡിയ പെട്രോകെമിക്കല്‍സ്, എംസിപിഐ, ഗാര്‍ഡന്‍ സില്‍ക്ക് മില്‍സ് എന്നിവയുടെ പ്രൊമോട്ടറും ഉടമയും ടിസിജി-ക്രെസ്റ്റിന്റെ പിന്തുണക്കാരനുമായ ചാറ്റര്‍ജി ഗ്രൂപ്പ് ബാറ്ററിയുടെ പ്രധാന ഘടകമായ സെല്ലുകളുടെ നിര്‍മ്മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ വാണിജ്യ ഉത്പാദനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ലിഥിയം- അയണ്‍ ബാറ്ററികള്‍ക്കായുള്ള സെല്ലുകളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ് വരുന്നത്.
സെല്ലില്‍ ഉപയോഗിക്കുന്ന സംയുക്തങ്ങളുടെ പ്രത്യേകതകള്‍ വെളിപ്പെടുത്താന്‍ റൈസിലെ ടീം ലീഡര്‍ അഭിക് ബാനര്‍ജി തയ്യാറായില്ല. വ്യാപാര രഹസ്യമാണെന്ന് പറഞ്ഞ അദ്ദേഹം അവ ഇന്ത്യയില്‍ ലഭ്യമാണെന്ന് വിശദമാക്കി. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ഇന്ത്യന്‍ സാങ്കേതികവിദ്യയാണിതെന്നും കരുത്തുറ്റതും താങ്ങാനാവുന്നതും ആഗോളതലത്തില്‍ മത്സരക്ഷമതയുള്ളതതെന്നും അദ്ദേഹം പറഞ്ഞു.