ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്തിയത് തെറ്റായ നീക്കമാണെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി ടോണി അബോട്ട് അഭിപ്രായപ്പെട്ടു.
താന്‍ ട്രംപിനെ അനുകൂലിക്കുന്ന വ്യക്തിയാണെങ്കിലും ഇന്ത്യയ്ക്കെതിരെ അധിക തീരുവ ചുമത്തിയതിലൂടെ അദ്ദേഹം തന്റെ കൈ തെറ്റായി ഉപയോഗിച്ചുവെന്നാണ് വിശ്വസിക്കുന്നതെന്ന് അബോട്ട് പറഞ്ഞു. ചൈന ഉള്‍പ്പെടെ മറ്റു ചില രാജ്യങ്ങള്‍ ഇതേ കാര്യം ചെയ്തിട്ടും അവരെയൊന്നും അത്തരത്തില്‍ പരിഗണിച്ചില്ലെന്നത് വിഷമകരമാണെന്നും എന്‍ഡിടിവി വേള്‍ഡ് സമ്മിറ്റില്‍ അബോട്ട് പറഞ്ഞു.
ട്രംപിന്റെ നീക്കം ഇന്ത്യയ്ക്ക് താത്ക്കാലിക തിരിച്ചടി നല്‍കുമെങ്കിലും വേഗത്തില്‍ അവര്‍ക്കത് ശരിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയുടെ അടിസ്ഥാന താത്പര്യങ്ങള്‍ പാകിസ്ഥാനുമായല്ലെന്നും ഇന്ത്യയുമായുള്ള ശക്തമായ സൗഹൃദത്തിലൂടെയാണ് കൂടുതല്‍ ഉറപ്പു നേടുന്നതെന്നും യു എസിന്റെ പാക് നയത്തെയും അദ്ദേഹം വിമര്‍ശിച്ചു.
പാകിസ്ഥാനെ പോലെയുള്ള സൈനിക ഏകാധിപത്യത്തോട് ചേര്‍്ന്നതും ഇന്ത്യയെ പോലുള്ള സ്വതന്ത്ര ജനാധിപത്യത്തെ അവഗണിച്ചതുമാണ് ശീതയുദ്ധകാലത്ത് യു എസ് ചെയ്ത പ്രധാന പിഴവുകളിലൊന്നെന്നും അബോട്ട് ചൂണ്ടിക്കാട്ടി.