സൈനിക അട്ടിമറിയിലൂടെ മഡഗാസ്‌റിന്റെ അധികാരം പിടിച്ചെടുത്ത കേണല്‍ മൈക്കല്‍ റാന്‍ഡ്രിയാനിരിന പ്രസിഡന്റായി ചുമതലയേറ്റു

സൈനിക അട്ടിമറിയിലൂടെ മഡഗാസ്‌റിന്റെ അധികാരം പിടിച്ചെടുത്ത കേണല്‍ മൈക്കല്‍ റാന്‍ഡ്രിയാനിരിന പ്രസിഡന്റായി ചുമതലയേറ്റു


ആന്റനനാരിവോ : മഡഗാസ്‌കറില്‍ ജെന്‍ സി പ്രക്ഷോഭത്തിനു പിന്നാലെ പ്രസിഡന്റിനെ പുറത്താക്കുകയും സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ചെയ്ത സൈനിക കേണല്‍ മൈക്കല്‍ റാന്‍ഡ്രിയാനിരിന, പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 

യുവാക്കളുടെ നേതൃത്വത്തില്‍ മുന്‍ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ മൂന്നാഴ്ചയോളം നീണ്ട രൂക്ഷമായ കലാപത്തില്‍ സൈന്യത്തിലെ ഒരു വിഭാഗം കൂടി പക്ഷം ചേര്‍ന്നതോടെയാണ് മുന്‍പ്രസിഡന്റ് ആന്‍ഡ്രി രജോലിന ഭരണം ഉപേക്ഷിച്ച് നാടുവിട്ടത്. ഇതെതുടര്‍ന്നാണ് പുതിയ നേതാവ് അധികാരമേറ്റത്. രാജ്യത്തിന്റെ ഉന്നത ഭരണഘടനാ കോടതിയുടെ പ്രധാന ചേംബറില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ ഒമ്പത് ചുവന്ന വസ്ത്രധാരികളായ ജഡ്ജിമാരെ സാക്ഷിനിര്‍ത്തിയായിരുന്നു പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ.

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് ഏകദേശം 30 ദശലക്ഷം ജനങ്ങളുള്ള വിശാലമായ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപായ മഡഗാസ്‌കറില്‍ സായുധ സേന അധികാരം ഏറ്റെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് മൂന്ന് ദിവസത്തിന് ശേഷമാണ് കേണല്‍ മൈക്കല്‍ റാന്‍ഡ്രിയാനിരിന പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.