ന്യൂയോർക്ക് : ഇസ്രായേലിന്റേത് വംശഹത്യ തന്നെയാണെന്ന മുൻ നിലപാട് ആവർത്തിച്ച് ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്രാൻ മംദാനി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആൻഡ്രു കുമോ, കർട്ടിസ് സ്ലിവ എന്നിവരുമായുള്ള സംവാദത്തിനിടെയാണ് അദ്ദേഹം വീണ്ടും നിലപാട് ആവർത്തിച്ചത്.
അതേസമയം, മംദാനിക്കെതിരെ മറ്റൊരു മേയർ സ്ഥാനാർഥി കുമോ രംഗത്തെത്തി. ഗസ്സ യുദ്ധത്തിൽ യു.എസ് ഇസ്രായേലിന് നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് ഡെമോക്രാറ്റുകൾ രംഗത്തെത്തിയപ്പോൾ അതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചയാളാണ് മംദാനിയെന്നും അതിനാൽ അയാൾ ഡെമോക്രാറ്റല്ലെന്നുമായിരുന്നു കുമോയുടെ വിമർശനം.
ഇതിന് മറുപടിയായി ഇസ്രായേൽ പലസ്തീനികൾക്കെതിരായി നടത്തുന്ന വംശഹത്യയിൽ തനിക്ക് കടുത്ത ഞെട്ടലുണ്ടെന്നായിരുന്നു മംദാനിയുടെ പ്രതികരണം. ഹമാസ് ആയുധം താഴെവെക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇരുവിഭാഗവും ആയുധം താഴെവെക്കണം. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നാൽ ഗാസയിലേക്ക് കൂടുതൽ സഹായമെത്തുമെന്നും മംദാനി പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നെതന്യാഹുവിന്റെ നിയമവിദഗ്ധർക്കൊപ്പം ചേർന്ന കുമോയുടെ നടപടിയേയും മംദാനി വിമർശിച്ചു.
മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി മുമ്പ് പറഞ്ഞിരുന്നു. നഗരത്തിൽ പ്രവേശിച്ചാൻ ന്യൂയോർക്ക് പൊലീസ് വകുപ്പ് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് താൻ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യമെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
യു.എസ് ഇതുവരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിച്ചിട്ടില്ലെങ്കിലും താൻ അതിന്റെ ഉത്തരവുകൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന് മംദാനി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തോടൊപ്പം ഒരു നഗരം നിൽക്കുകയെന്നത് തന്റെ ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മേയറായാൽ മംദാനിക്ക് അത്ര പെട്ടെന്ന് നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത് ഫെഡറൽ നിയമങ്ങളുടെ ലംഘനമാവുമെന്നുമാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇസ്രായേലിന്റേത് വംശഹത്യ തന്നെയെന്ന് ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്രാൻ മംദാനി
