ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തും

ട്രംപും പുടിനും ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തും


വാഷിംഗ്ടണ്‍: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ബുഡാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. 

പുടിനുമായി ടെലിഫോണില്‍ സംസാരിച്ച ട്രംപ് സംഭാഷണത്തില്‍ പുരോഗതിയുണ്ടായതായാണ് താന്‍ വിശ്വസിക്കുന്നതെന്നും കുറിച്ചു. ഓഗസ്റ്റില്‍ അവര്‍ അലാസ്‌കയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും നയതന്ത്ര വഴിത്തിരിവുണ്ടാക്കിയില്ല.

ട്രംപും പുടിനും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യു എസ് ഉദ്യോഗസ്ഥര്‍ അടുത്ത ആഴ്ച റഷ്യന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ആ കൂടിക്കാഴ്ച എവിടെയാണ് നടക്കുകയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

യുക്രെയ്നിയന്‍ സൈന്യത്തിന് റഷ്യന്‍ പ്രദേശത്തേക്ക് കൂടുതല്‍ ശക്തമായി ആക്രമണം നടത്താന്‍ ടോമാഹോക്ക് മിസൈലുകള്‍ നല്‍കാന്‍ സെലെന്‍സ്‌കി ട്രംപിനോട് സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നേരിട്ട് ചര്‍ച്ചകള്‍ നടത്തണമെന്ന ട്രംപിന്റെ ആഹ്വാനങ്ങള്‍ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ പുടിനെ പ്രേരിപ്പിക്കാന്‍ അത്തരം ആക്രമണങ്ങള്‍ സഹായിക്കുമെന്ന് സെലെന്‍സ്‌കി വാദിച്ചു.

ഞായറാഴ്ച തന്നോടൊപ്പം ഇസ്രായേലിലേക്ക് യാത്ര ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത് യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള മാര്‍ഗമായി പുടിനുമായി ടോമാഹോക്കുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ്. 

ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഉള്ളതിനാല്‍ യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മോസ്‌കോയെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയില്‍ കീവിന് ലോംഗ് റേഞ്ച് ആയുധങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

യുക്രെയ്‌നിലെയും ഗാസയിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കുക എന്നത് ട്രംപിന്റെ 2024ലെ തെരഞ്ഞെടുപ്പിലെ പ്രധാന വാഗ്ദാനമായിരുന്നു. മാത്രമല്ല ഈ യുദ്ധമുണ്ടായതിന് പ്രസിഡന്റ് ജോ ബൈഡനെ അദ്ദേഹം നിരന്തരം വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ട്രംപിനും യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

എന്നാല്‍ ഗാസ വെടിനിര്‍ത്തലിന് ശേഷം റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കുന്നതില്‍ തനിക്ക് മുന്നേറാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ്. ഉടന്‍ ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ പുടിനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ തയ്യാറാണെന്നും അദ്ദേഹം സൂചന നല്‍കുന്നു.

ട്രംപും സെലെന്‍സ്‌കിയും ഈ വര്‍ഷം നാലാമത്തെ കൂടിക്കാഴ്ച നടക്കാനിരിക്കെ കീവിന് ദീര്‍ഘദൂര ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. യുക്രെയ്നിന് ടോമാഹോക്കുകള്‍ നല്‍കുന്നത് മോസ്‌കോയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ തകര്‍ക്കുമെന്ന് പുടിന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ടംപ് പിന്മാറിയില്ല.

ഏകദേശം 995 മൈല്‍ ദൂരപരിധിയുള്ള ടോമാഹോക്ക് റഷ്യന്‍ പ്രദേശത്ത് കൂടുതല്‍ അകത്തേക്ക് ആക്രമണം നടത്താന്‍ യുക്രെയ്നെ സഹായിക്കും.