കൊച്ചി: ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനിയുടെ പിതാവ് പി.എം അനസിനെ ഉദ്ധരിച്ച് മീഡിയ വണ്‍ ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും രക്ഷിതാക്കള്‍ പറഞ്ഞതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ഇടപെട്ട സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും പിതാവ് നന്ദി പറഞ്ഞു.
മതസൗഹാര്‍ദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുതെന്നും പി.എം അനസ് വ്യക്തമാക്കി. പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ താന്‍ പരാതി നല്‍കുകയും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകള്‍ക്ക് ഹിജാബ് ധരിച്ച് പോകാന്‍ മാനേജ്‌മെന്റ് അനുവദിക്കുന്നില്ല.
അവിടെ പഠിക്കണോ എന്ന് മകളോട് ചോദിച്ചപ്പോള്‍ അതിന് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്. മകളുടെ തുടര്‍പഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തില്‍ സംഘര്‍ഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടര്‍വിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനം. താന്‍ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല.
മകള്‍ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ അതേപോലെ ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകള്‍ പറയുന്നത് അവളുടെ വസ്ത്രധാരണം മൂലം കുട്ടികള്‍ക്ക് ഭീതിയും ഭയവുമാണെന്നാണ്. അങ്ങനെ പറയുന്ന സ്‌കൂളില്‍ ഇനി മകളെ വിടാനാവില്ല. പരാതിയില്‍ നീതിപൂര്‍വം ഇടപെട്ട സര്‍ക്കാരിന് നന്ദിയുണ്ടെന്നും പിതാവ് അനസ് വ്യക്തമാക്കി.
സംഭവത്തില്‍ സ്‌കൂള്‍ അധികാരികളോ അധ്യാപകരോ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും ഒരു കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും പിതാവ് പറഞ്ഞു. താനും കുടുംബവും മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. തങ്ങള്‍ എന്തോ വലിയ തെറ്റ് ചെയ്തതു പോലെയാണ് ആളുകള്‍ പറയുന്നത്. അത് വലിയ വിഷമമുണ്ടാക്കി. ഇനിയൊരു കുട്ടിക്കും ഇങ്ങനൊരു അവസ്ഥയുണ്ടാകരുത്. ഇനിയും ഇത്തരത്തില്‍ മാനസികസംഘര്‍ഷമുണ്ടാക്കുന്ന നടപടി ഒരു വിദ്യാര്‍ഥിയോടും രക്ഷിതാക്കളോടും ആ സ്‌കൂള്‍ അധികൃതര്‍ സ്വീകരിക്കരുത്.
കുട്ടിയെ പുറത്തുനിര്‍ത്തിയിട്ടില്ലെന്ന സ്‌കൂള്‍ അധികൃതരുടെ വാദവും പിതാവ് നിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമല്ലോ, അവളെ പഠിക്കുന്ന ക്ലാസില്‍നിന്ന് പുറത്താക്കിയിരുന്നു, വെള്ളിയാഴ്ച വിളിക്കാന്‍ പോകുമ്പോള്‍ മകള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വെയിലത്തു നില്‍ക്കുകയായിരുന്നു. ടിസി വാങ്ങുന്ന കാര്യം സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിച്ചിട്ടില്ല.
അഡ്മിഷനായി സ്‌കൂളില്‍ പോകുമ്പോള്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്നുള്‍പ്പെടെയുള്ള ഒരു കാര്യവും പറഞ്ഞിരുന്നില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവിടെ അഡ്മിഷനെടുക്കുമായിരുന്നില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.
രണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. പരാതിക്കാരിയായ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അവധിയിലായിരുന്നു. നേരത്തെ, ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും മധ്യസ്ഥതയില്‍ രക്ഷിതാവും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.
വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്‌കൂള്‍ അടച്ചത്. സംഭവത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് വിവാദത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ മാനേജ്‌മെന്റും പിടിഎയും പ്രതികരിച്ചതെന്നും സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ നോക്കേണ്ട. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണമെന്നും ഇല്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്തിന്റെ പേരിലും ഒരു കുട്ടിയുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കാന്‍ പാടില്ല. അതാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ടാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്നും മന്ത്രി വിശദമാക്കിയിരുന്നു. സെന്റ് റീത്താസ് സ്‌കൂള്‍ നിയമാവലിയില്‍ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്നായിരുന്നു എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധമാണെന്നായിരുന്നു സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിന്റെ പ്രതികരണം.
ഞങ്ങള്‍ കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും യൂണിഫോം സ്‌കൂളിന് നിശ്ചയിക്കാമെന്നാണ് കോടതി ഉത്തരവെന്നും അവര്‍ പറഞ്ഞിരുന്നു.
ഹിജാബ് വിവാദം: വിദ്യാര്‍ത്ഥിനി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കുന്നുവെന്ന് പിതാവ്
