വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് തുടങ്ങും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് തുടങ്ങും


തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ അഞ്ചിന് തുടങ്ങും. നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉദ്ഘാടനം ഗംഭീരമായി നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നവംബറിന്റെ തുടക്കത്തില്‍ തന്നെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്താനാണ് സാധ്യത. അതിന് മുമ്പ് ഉദ്ഘാടനം നടത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി ഉപയോഗിക്കാനാണ് ധാരണ.

10,000 രൂപയോളം മുടക്കി അദാനി തുറമുഖ കമ്പനിയാണ് വിഴിഞ്ഞത്തിന്റെ അടുത്ത ഘട്ടം വികസിപ്പിക്കുന്നത് 2028 ഡിസംബറിനകം പദ്ധതി പൂര്‍ത്തീകരിക്കും. പിപിപി മാതൃകയില്‍ കേരളത്തില്‍ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 1,200 മീറ്റര്‍ നീളത്തില്‍ ബെര്‍ത്തും ഒരുകിലോമീറ്ററില്‍ പുലിമുട്ടും വിഴിഞ്ഞത്ത് നിര്‍മിക്കും.

കണ്ടെയ്‌നര്‍ യാര്‍ഡിന്റെയും അടിസ്ഥാനസൗകര്യങ്ങളുടെയും വികസനം, 660 മീറ്റര്‍ വീതമുള്ള മള്‍ട്ടിപര്‍പ്പസ് ബെര്‍ത്ത്, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബെര്‍ത്ത്, ലിക്വിഡ് കാര്‍ഗോ സംഭരണ സൗകര്യം എന്നിവയും ഒരുക്കും. വികസനത്തിനായി കടല്‍ നികത്തി 77.17 ഹെക്ടര്‍ ഭൂമിയും സൃഷ്ടിക്കും. നിര്‍മാണം പൂര്‍ത്തിയായാല്‍ തുറമുഖത്തിന്റെ ശേഷി 40 ലക്ഷം ടി.ഇ.യു കണ്ടെയ്‌നറായി വര്‍ധിക്കും.

തുറമുഖത്തിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന റോഡ് സംവിധാനം ഇല്ലാത്തതിനാല്‍ നിലവില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. ഇതിന് വേണ്ട കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. റോഡ് നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് തുറമുഖ വൃത്തങ്ങള്‍ പറയുന്നത്. നവംബര്‍ മുതല്‍ തന്നെ ഇതിനുള്ള സൗകര്യവും തുടങ്ങുമെന്നാണ് വിവരം.

കേരള വികസനത്തിലെ നാഴികക്കല്ലാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. മൂന്നരലക്ഷം ടണ്‍ ഭാരമുള്ള കപ്പലുകള്‍ക്ക് വരെ അടുക്കാന്‍ കഴിയുന്ന സ്വാഭാവിക തുറമുഖം എന്ന രീതിയില്‍ വിഴിഞ്ഞത്തിന് വലിയ വികസന സാധ്യതകളുണ്ട്. അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളര്‍ച്ച കൂടി മുന്‍കൂട്ടി കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞത്ത് നിക്ഷേപം നടത്തിയത്.

വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവന്‍ വ്യാപിക്കാന്‍ കരുത്തുള്ളതാണ്. ഇറക്കുന്ന കണ്ടെയ്‌നറുകള്‍, അതിലുള്ള ഉത്പന്നങ്ങള്‍ എന്നിവ കൈമാറ്റം ചെയ്യുന്നതിനൊപ്പം ഇവയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളടക്കം നിര്‍മിക്കുന്നതിനുള്ള ആവശ്യമായ സാഹചര്യം കേരളത്തില്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.