അര്‍ജന്റീന കേരളത്തിലേക്കില്ല; മെസ്സിയെ നേരില്‍ കാണാന്‍ കേരളത്തിന് വിധിയില്ല

അര്‍ജന്റീന കേരളത്തിലേക്കില്ല; മെസ്സിയെ നേരില്‍ കാണാന്‍ കേരളത്തിന് വിധിയില്ല


തിരുവനന്തപുരം: മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് സൂചന. നവംബറിലാണ് മെസ്സിയും സംഘവും കേരളത്തിലെത്തുകയെന്നാണ് നേരത്തെ പ്രഖ്യാപനം നടത്തിയത്. 

നവംബര്‍ 17-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കളിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പര്യടനം നടക്കാന്‍ സാധ്യതയില്ലെന്നാണ് അര്‍ജന്റീനിയന്‍ മാധ്യമ പ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുള്‍ എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികാരികതയോടെ പങ്കുവെയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഗാസ്റ്റണ്‍ എഡുള്‍.

ലുവാണ്ടയില്‍ അംഗോള- അര്‍ജന്റീന മത്സരം നടക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് അര്‍ജന്റീന മാധ്യമം ലാ നാസിയോണും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ് കാരണമായതെന്നാണ് ലാ നാസിയോണ്‍ പറയുന്നത്.

അധികൃതരുമായുള്ള കരാറില്‍ കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നും  ഇക്കാരണത്താല്‍ നവംബറിലെ മത്സരവുമായി ബന്ധപ്പെട്ട പദ്ധതികള്‍ താത്കാലികമായി നിര്‍ത്താന്‍ അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനെ പ്രേരിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.