കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധം 74 ശതമാനം; ബന്ധങ്ങള്‍ മെച്ചപ്പെട്ടിട്ടും പ്രതിസന്ധി തുടരുന്നു

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധം 74 ശതമാനം; ബന്ധങ്ങള്‍ മെച്ചപ്പെട്ടിട്ടും പ്രതിസന്ധി തുടരുന്നു


ഓട്ടാവ: ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെട്ടുവരുന്നതിനിടയിലും, കാനഡയില്‍ പഠനാനുമതി തേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിഷേധ നിരക്ക് റെക്കോര്‍ഡ് തലത്തിലെത്തി. 2025 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ 74 ശതമാനം അപേക്ഷകളും കാനഡ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. 2023ല്‍ ഇത് 32 ശതമാനമായിരുന്നു. ആകെ അപേക്ഷകരില്‍ നിരക്ക് 40 ശതമാനമാണെങ്കിലും, ഇന്ത്യക്കാരുടെ നിരക്ക് അതിനേക്കാള്‍ ഇരട്ടിയിലധികമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വിസ നിഷേധം കുത്തനെ ഉയര്‍ന്നു

കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, 2025 ഓഗസ്റ്റില്‍ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ അപേക്ഷകളില്‍ 24 ശതമാനം മാത്രമാണ് നിഷേധിക്കപ്പെട്ടത്. അതേസമയം, ഇന്ത്യക്കാരുടെ നിരക്ക് അതിവേഗത്തില്‍ ഉയര്‍ന്നതോടെ ആഗോളതലത്തില്‍ വിസനിഷേധത്തില്‍ ഇന്ത്യ മുന്നിലായി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ അപേക്ഷകളുണ്ടായപ്പോള്‍, 2025 ഓഗസ്റ്റില്‍ അത് 4,515 ആയി ഇടിഞ്ഞു.

വിദേശ വിദ്യാര്‍ത്ഥി വിസകളില്‍  വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാനഡ സര്‍ക്കാര്‍ കര്‍ശനമായ പരിശോധനാ സംവിധാനം നടപ്പാക്കിയിരുന്നു. 2023ല്‍ 1,550 വ്യാജ ശുപാര്‍ശ കത്തുകള്‍ കണ്ടെത്തിയപ്പോള്‍, 2024ല്‍ അതിന്റെ എണ്ണം 14,000 കടന്നു.

'സ്റ്റഡി, വര്‍ക്ക്, സ്‌റ്റേ' ആകര്‍ഷണം നഷ്ടമായി

'ഒരിക്കല്‍ കാനഡ സര്‍ക്കാര്‍ 'സ്റ്റഡി, വര്‍ക്ക്, സ്‌റ്റേ' എന്ന് പ്രചാരണം നടത്തിയിരുന്നു. ഇപ്പോള്‍ ആ മനോഭാവം മാറിയെന്ന് 2015ല്‍ കാനഡയിലേക്ക് പഠനാനുമതിയുമായി എത്തിയ ജസ്പ്രിത് സിങ് പറയുന്നു. തട്ടിപ്പുപ്രവര്‍ത്തനങ്ങള്‍ മൂലമുള്ള കര്‍ശനനടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രതികരണം

വിസ നല്‍കുക കാനഡയുടെ അധികാര പരിധിയിലാണെങ്കിലും, ലോകത്തിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ത്യയില്‍ നിന്നാണെന്നും കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിനകം അതില്‍ നിന്ന് വലിയ ഗുണം നേടിയിട്ടുണ്ടെന്നും ഓട്ടാവയിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് അറിയിച്ചു.

സര്‍വകലാശാലകളില്‍ കനത്ത ഇടിവ്

'സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിദേശ വിദ്യാര്‍ത്ഥി പരിധി മൂലമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞതെന്ന് വാട്ടര്‍ലൂ സര്‍വകലാശാലയിലെ അസോസിയേറ്റ് വൈസ് പ്രസിഡന്റായ ഇയാന്‍ വാന്‍ഡര്‍ബര്‍ഗ് പറഞ്ഞു.  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാട്ടര്‍ലൂയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞു. സസ്‌കാച്ചിവാന്‍, റീജൈന സര്‍വകലാശാലകളും സമാനമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

'ഇമിഗ്രേഷന്‍ സംവിധാനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് കാനഡവിദേശകാര്യ മന്ത്രി അനിറ്റ ആനന്ദ് കഴിഞ്ഞ ഒക്ടോബറിലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പറഞ്ഞു.  എന്നാല്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ തുടരേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അവര്‍ പറഞ്ഞു.