ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് യൂറോപ്യന്‍ യൂണിയന്‍

ഇന്ത്യക്കാര്‍ക്കുള്ള വിസ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് യൂറോപ്യന്‍ യൂണിയന്‍


ന്യൂഡല്‍ഹി: അവധിക്കാലത്ത് യൂറോപ്പ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ആശ്വാസവുമായി യൂറോപ്യന്‍ യൂണിയന്‍. കാലാവധി വര്‍ധിപ്പിച്ച മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസയാണ് യൂറോപ്യന്‍ യൂണിയന്‍ ഒരുക്കിയിരിക്കുന്നത്. ഇതോടെ പതിവായി യൂറോപ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്ക് അപേക്ഷിക്കാം.

തിങ്കളാഴ്ച യൂറോപ്യന്‍ യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് വിസകള്‍ നേടുകയും ഉപയോഗിക്കുകയും ചെയ്തതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് സാധുതയുള്ള ദീര്‍ഘകാല, മള്‍ട്ടി-എന്‍ട്രി ഷെങ്കന്‍ വിസകള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോള്‍ ലഭ്യമാകും.

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ വിസ വ്യവസ്ഥയെന്നാണ് യൂറോപ്യന്‍ യൂണിയന്റെ ഇന്ത്യയിലെ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ വിശേഷിപ്പിച്ചത്. ഷെങ്കന്‍ വിസ ലഭിക്കുന്നനായി ഇന്ത്യന്‍ യാത്രക്കാര്‍ ഇടക്കിടെ അനുഭവിച്ചിരുന്ന സങ്കീര്‍ണ നടപടിക്രമങ്ങളാണ് ഇതോടെ ഒഴിവാകുന്നത്.

ഇന്ത്യയ്ക്കായി പുതുതായി സ്വീകരിച്ച വിസ 'കാസ്‌കേഡ്' ഭരണകൂടം അനുസരിച്ച്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദ്യം രണ്ടു വര്‍ഷത്തെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളാണ് ലഭിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ട് വിസകള്‍ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിരിക്കണം എന്നതാണ് വിസയ്ക്കുള്ള വ്യവസ്ഥ.

അവധിക്കാലത്ത്, ഇന്ത്യന്‍ യാത്രക്കാര്‍ ഷെങ്കന്‍ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കാനായി അമിതമായ കാലതാമസം നേരിട്ടിരുന്നു. രണ്ടോ മൂന്നോ മാസം വരെ ഇതു നീണ്ടുപോയിരുന്നു. കോവിഡ് കാലഘട്ടിത്തില്‍, ഇതിലൂം കൂടുതല്‍ കാലതാമസം വിസിയ്ക്കായി വേണ്ടിവന്നിരുന്നു.

29 യൂറോപ്യന്‍ രാജ്യങ്ങളാണ് ഷെങ്കന്‍ വിസയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ 25 രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനു കീഴിലാണ്. ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, എസ്‌തോണിയ, ഗ്രീസ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലാന്‍ഡ്‌സ്, ഓസ്ട്രിയ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്, സ്ലോവാക് ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്റ്റീന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ് ഈ രാജ്യങ്ങള്‍.