ഇന്ത്യയുടെ യു എസിലേക്കുള്ള കയറ്റുമതി ഒക്ടോബറില്‍ ഉയര്‍ന്നു

ഇന്ത്യയുടെ യു എസിലേക്കുള്ള കയറ്റുമതി ഒക്ടോബറില്‍ ഉയര്‍ന്നു


ന്യൂഡല്‍ഹി: അമേരിക്കയുടെ 50 ശതമാനം ഇറക്കുമതി തീരുവകളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇടിവ് അനുഭവിക്കുകയായിരുന്ന ഇന്ത്യയുടെ യു എസ് കയറ്റുമതി ഒക്ടോബറില്‍ തിരിച്ചുയര്‍ന്നതായി പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ യു എസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 6.3 ബില്യണ്‍ ഡോളറായി. സെപ്റ്റംബറിനെ അപേക്ഷിച്ച് 14.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മെയ് മുതല്‍ ആദ്യമായാണ് ഇത്തരത്തില്‍ മാസാന്ത വളര്‍ച്ച രേഖപ്പെടുത്തുന്നത്. എങ്കിലും 2024 ഒക്ടോബറിെല 6.9 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍ കയറ്റുമതിയില്‍ 8.5 ശതമാനം കുറവുണ്ട്. 

ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ യു എസില്‍ നിന്ന് കൂടുതല്‍ എല്‍ പി ജി ഇറക്കുമതി ചെയ്യാന്‍ സമ്മതിച്ചതും ട്രംപ് സര്‍ക്കാര്‍ നിരവധി കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പരസ്പര തീരുവകളില്‍ ഇളവ് നല്‍കിയതുമാണ് ഈ മാറ്റത്തിന് കാരണമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കരാറിലെ നിര്‍ണായക ഭാഗങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

യുഎസിലേക്കുള്ള കയറ്റുമതി ഉയര്‍ന്നുകൊണ്ടിരിക്കെ ഇന്ത്യയുടെ മൊത്തം കയറ്റുമതി ഒക്ടോബറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.8 ശതമാനം ഇടിഞ്ഞു. ഇന്ത്യയുടെ മുന്‍നിര കയറ്റുമതി വിപണികളില്‍ വെറും അഞ്ച് രാജ്യങ്ങള്‍ മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്- സ്‌പെയിന്‍, ചൈന, ഹോങ്കോങ്ങ്, ബ്രസീല്‍, ബെല്‍ജിയം എന്നിവയാണവ.

അതേസമയം, മുന്‍നിര വിപണികളിലേക്കുള്ള കയറ്റുമതിയില്‍ 15 രാജ്യങ്ങള്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 54.9 ശതമാനം ഇടിഞ്ഞപ്പോള്‍ ഓസ്ട്രേലിയയിലേക്ക് 52.4 ശതമാനവും കുറഞ്ഞു. യു കെ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയും ഇരട്ട അക്ക ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഒക്ടോബറില്‍ യു എസിലേക്കുള്ള കയറ്റുമതി വര്‍ധിച്ചെങ്കിലും ഇത് താത്ക്കാലിക ആശ്വാസം മാത്രമാണ്. സമഗ്ര പ്രവണതയെ ഇത് മാറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. മെയ് മാസം ട്രംപ് തീരുവകള്‍ നിലവില്‍ വന്നതിനുശേഷം ഒക്ടോബര്‍ വരെ ഇന്ത്യയുടെ യു എസ് ലക്ഷ്യമിട്ട കയറ്റുമതി 28.8 ശതമാനം ചുരുങ്ങിയിട്ടുണ്ടെന്നും ഇത് മാസാന്ത കയറ്റുമതി മൂല്യത്തില്‍ 2.5 ബില്യണ്‍ ഡോളറിലേറെ കുറവുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.