കെജ്രിവാളിന്റെ അറസ്റ്റ്: യുഎസിന്റെ പ്രതികരണം 'അനാവശ്യം, അസ്വീകാര്യം' -ഇന്ത്യ

കെജ്രിവാളിന്റെ അറസ്റ്റ്: യുഎസിന്റെ പ്രതികരണം 'അനാവശ്യം, അസ്വീകാര്യം' -ഇന്ത്യ


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള യുഎസിന്റെ രണ്ടാമത്തെ പരാമശത്തെ 'അനാവശ്യം, അസ്വീകാര്യം' എന്ന് വിശേഷിപ്പിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

'തിരഞ്ഞെടുപ്പ്, നിയമ പ്രക്രിയകള്‍ എന്നിവയില്‍ ഇത്തരം ബാഹ്യ ഇടപെടലുകള്‍ പൂര്‍ണ്ണമായും അസ്വീകാര്യമാണ്. ഇന്ത്യയില്‍, നിയമനടപടികള്‍ നിയമത്തിന്റെ വാഴ്ചയാല്‍ മാത്രമേ നയിക്കപ്പെടുകയുള്ളൂ. സമാനമായ ധാര്‍മ്മികതയുള്ള ആര്‍ക്കും, പ്രത്യേകിച്ച് മറ്റു ജനാധിപത്യ രാജ്യങ്ങള്‍, ഈ വസ്തുതയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകരുത്,' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

'സ്വാതന്ത്ര്യവും ശക്തവുമായ' ജനാധിപത്യ സ്ഥാപനങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും ഏതെങ്കിലും തരത്തിലുള്ള അനാവശ്യ ബാഹ്യ സ്വാധീനങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

പരസ്പര ബഹുമാനവും ധാരണയുമാണ് അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിത്തറയെന്നും രാജ്യങ്ങള്‍ മറ്റുള്ളവരുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുന്നതായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ 'ന്യായമായ, സുതാര്യമായ, സമയോചിതമായ നിയമനടപടികള്‍' വേണമെന്ന അമേരിക്കയുടെ ആഹ്വാനം ആവര്‍ത്തിച്ചതിന് പിന്നാലെയാണ് എംഇഎയുടെ ഈ പ്രസ്താവന.

'അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഈ നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. ഈ വിഷയങ്ങളില്‍ ഓരോന്നിനും ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,' എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞത്.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ആദ്യ യുഎസ് പരാമര്‍ശത്തില്‍ ഒരു നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി എതിര്‍ത്ത് അറിയിച്ചതിന് ശേഷമായിരുന്നു മില്ലറുടെ ഈ പരാമര്‍ശം.

ഡല്‍ഹിയില്‍ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബെനയെ ഇന്ത്യ വിളിച്ചുവരുത്തിയതിനെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബ്രീഫിംഗിനിടെയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുഎസ് വക്താവ്. യുഎസ് നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ മില്ലര്‍ വിസമ്മതിച്ചു.,

'വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നികുതി അധികാരികള്‍ അവരുടെ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസിന്റെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം. ഈ പ്രശ്നങ്ങളില്‍ ഓരോന്നിനും ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു' എന്നാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മില്ലര്‍ പറഞ്ഞത്.

''ഇന്ത്യയിലെ ചില നിയമ നടപടികളെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവിന്റെ അഭിപ്രായത്തില്‍ ഞങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു,'' യുഎസ് നയതന്ത്രജ്ഞനെ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ ഓഫീസിലേക്ക് വിളിപ്പിച്ചതിന് ശേഷം എംഇഎ പ്രസ്താവനയില്‍ പറഞ്ഞു.

'നയതന്ത്രത്തില്‍, രാജ്യങ്ങള്‍ മറ്റുള്ളവരുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സഹ ജനാധിപത്യ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ ഉത്തരവാദിത്തം ഇതിലും കൂടുതലാണ്. അല്ലെങ്കില്‍ അത് അനാരോഗ്യകരമായ മുന്‍വിധികള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാം,' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.