ന്യൂഡൽഹി: ചൈനയുമായുള്ള ബന്ധം വഷളാക്കിയ അതിർത്തി തർക്കത്തിൽ പ്രശ്നപരിഹാരത്തിന് നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യ. ചൈനയിലെ ക്വിങ്ദാവോയിൽ നടന്ന പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുൻ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. അതിർത്തിയിലെ പിന്മാറ്റവുമായി ബന്ധപ്പെട്ട 2024ലെ തീരുമാനങ്ങൾ കൃത്യമായി പാലിക്കുക, സേന വിന്യാസം കുറക്കാനുള്ള ശ്രമങ്ങൾ തുടരുക, പ്രത്യേക പ്രതിനിധി തലത്തിലുള്ള ചർച്ച സജീവമായി തുടരുക തുടങ്ങിയ നിർദേശങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.
2020ലെ അതിർത്തി തർക്കത്തിനുശേഷം നിലനിൽക്കുന്ന വിശ്വാസ്യതയില്ലായ്മ പരിഹരിക്കാൻ അടിസ്ഥാനതലത്തിൽ നടപടി സ്വീകരിക്കണമെന്നും രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിന്റെ 75 വർഷത്തെ സുപ്രധാന നാഴികക്കല്ല് ചൂണ്ടിക്കാട്ടിയ രാജ്നാഥ് സിങ് സുസ്ഥിരതക്കുവേണ്ടി സഹകരിക്കുന്നതിനൊപ്പം പരസ്പര നേട്ടം കൈവരിക്കാൻ മികച്ച അയൽപക്ക സാഹചര്യങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെച്ച് ഇന്ത്യ
