വാഷിംഗ്ടന്‍: ഇന്ത്യയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച 50% താരിഫ് യുദ്ധത്തിന് അയവ് വരുമെന്ന സൂചന നല്കി ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തില്‍ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെങ്കിലും, ഓഗസ്റ്റ് 2025ല്‍ ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് 50% താരിഫ് ഏര്‍പ്പെടുത്തിയതോടെ ബന്ധം വഷളായിരുന്നു.
ഈ താരിഫ് വര്‍ധനവിന് മുന്‍പ് തന്നെ പ്രശ്നപരിഹാരത്തിനായി ഇന്ത്യ അമേരിക്കയില്‍ ലോബിയിങ് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവില്‍, ട്രംപ് ഭരണകൂടവുമായി ബന്ധമുള്ള മെര്‍ക്കുറി പബ്ലിക് അഫയേഴ്സ് എന്ന രണ്ടാമതൊരു ലോബിയിങ് സ്ഥാപനത്തെ കൂടി ഇന്ത്യന്‍ എംബസ്സി ഓഗസ്റ്റില്‍ താരിഫ് ചര്‍ച്ചകള്‍ക്കായി നിയമിക്കുകയും ചെയ്തിരുന്നു.
താരിഫ് വര്‍ധനവിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയെങ്കിലും, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം സെപ്റ്റംബര്‍ അവസാനത്തോടെ വാഷിങ്ടന്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ പുനരാരംഭിച്ചു. പ്രതിരോധ, ഊര്‍ജ ഉല്പന്നങ്ങള് അമേരിക്കയില്‍ നിന്ന് കൂടുതല്‍ വാങ്ങാനും, ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ അയവ് വരുത്താനും ഇന്ത്യ സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബറില്‍ യുഎസ് അംബാസഡറായി നിയുക്തനായ സെര്‍ജിയോ ഗോര്‍ ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ ഉദേ്യാഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ, ഇരുപക്ഷവും വ്യാപാര കരാറിന്റെ ആദ്യഘട്ടം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
ഈ മാസം പകുതിയോടെ ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം അടുത്ത ഘട്ടം ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടനിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മുഴുവന്‍ വ്യാപാര കരാറിലേക്കുള്ള പ്രവേശനവും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പോലുള്ള മറ്റ് വിശാലമായ വിഷയങ്ങളില്‍ ഉണ്ടാകുന്ന പുരോഗതിയെ ആശ്രയിച്ചിരിക്കും.
ഇന്ത്യ-യുഎസ് താരിഫ് യുദ്ധത്തിന് അയവ് വരുമെന്ന സൂചന നല്കി വീണ്ടും ഉഭയകക്ഷി ചര്‍ച്ചകള്‍
