ന്യൂഡല്‍ഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ സമര്‍പ്പിച്ച പരാതിയില്‍ ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇന്ത്യ തള്ളി. കോടതിയുടെ നടപടികള്‍ നിയമവിരുദ്ധമാണെന്നാണ് ഇന്ത്യ പറഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കോ ഉത്തരവുകള്‍ക്കോ നിയമസാധുതയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതുകൊണ്ടുതന്നെ കോടതി പറയുന്ന രേഖകള്‍ ഹാജരാക്കാന്‍ താത്പര്യമില്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ ബഗ്ലിഹാര്‍, കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകള്‍ ഹാജരാക്കാന്‍ ആര്‍ബിട്രേഷന്‍ കോടതി നിര്‍ദേശിച്ചതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.
ഈ പദ്ധതികളിലെ ജലസംഭരണ അളവ് പരിശോധിക്കാനായിരുന്നു കോടതി ലോഗ് ബുക്കുകള്‍ ആവശ്യപ്പെട്ടത്. കോടതി ഉത്തരവുകള്‍ക്ക് നിയമസാധുതയില്ലാത്തതിനാല്‍ ലോഗ് ബുക്കുകള്‍ ഹാജരാക്കില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.
സാങ്കേതിക തര്‍ക്കം പരിഹരിക്കാന്‍ സ്വതന്ത്ര വിദഗ്ധനെ നിയമിക്കുന്നതിന് പകരം പാകിസ്ഥാന്‍ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും ഇന്ത്യ ആരോപിച്ചു. വിഷയത്തില്‍ കോടതി വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതില്‍ പങ്കെടുക്കില്ല. ഇന്ത്യയുടെ അഭാവത്തില്‍ പാകിസ്ഥാന്റെ വാദങ്ങള്‍ മാത്രം കേട്ട് മുന്നോട്ട് പോകാനാണ് കോടതിയുടെ തീരുമാനം.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 23നാണ് ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത്. പാകിസ്ഥാനിലെ കൃഷിയുടെ 90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പാകിസ്ഥാനിലെ ജലസംഭരണികളായ തര്‍ബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് വളരെയധികം താഴ്ന്നിരിക്കുകയാണ്. ഇന്ത്യയുടെ നിലപാട് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയതോടെയാണ് ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.
