ബെംഗളുരു : ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത റഡാര്‍ ഇമേജിങ് സ്റ്റാറ്റലൈറ്റായ നിസാര്‍ (NISAR) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഇന്ന് (ബുധനാഴ്ച) വൈകിട്ട് 5:40 നാണ് നാസ-ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ അഥവാ നിസാര്‍ ഉപഗ്രഹം വിക്ഷേപിച്ചത്.
പത്ത് വര്‍ഷത്തിലധികമായുള്ള പരിശ്രമത്തിന്റെ ഫലമായാണ് നിസാര്‍ കുതിച്ചുയര്‍ന്നത്. ജിയോ സിന്‍ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളായ ജിഎസ്എല്‍വിഎഫ് 16 ഉപയോഗിച്ചാണ് നിസാര്‍ ഭ്രമണപഥത്തിലെത്തുക. ആദ്യമായാണ് സൂര്യസിന്‍ക്രണസ് ഭ്രമണപഥത്തിലേയ്ക്ക് ഒരു ഉപഗ്രഹത്തെ എത്തിക്കുന്നത്.
'ഇന്നാണ് ജിഎസ്എല്‍വിഎഫ് 16 നിസാറിന്റെ വിക്ഷേപണ ദിവസം. ലോഞ്ചിങ് പാഡില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് വിക്ഷേപണ സന്നദ്ധമായ ഉപഗ്രഹം. നിസാര്‍ തയ്യാറാണ്.' ഐഎസ്ആര്‍ഒ എക്‌സില്‍ കുറിച്ചു.
ദ്വീപുകള്‍, മഞ്ഞുമലകള്‍, സമുദ്രങ്ങള്‍ എന്നിവയുടെ ചിത്രം ഓരോ 12 ദിവസം കൂടുമ്പോള്‍ നിസാര്‍ പകര്‍ത്തി വിവരങ്ങള്‍ നല്‍കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 'ലോകവുമായുള്ള ഇന്ത്യയുടെ ശാസ്ത്രീയ ഹസ്തദാനമാണ് ഈ ദൗത്യം' എന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് ഉപഗ്രഹ വിക്ഷേപണത്തെ വിശേഷിപ്പിച്ചു.
സമുദ്രപ്രദേശങ്ങളെക്കുറിച്ചുള്ള പഠനം, ആവാസവ്യവസ്ഥ, പരിസ്ഥിതി നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണ് ഉപഗ്രഹ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ആവാസവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, ഭൂകമ്പങ്ങള്‍, സുനാമികള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും പരിഹാരം കണ്ടെത്താനും സഹായകമാകും. ജനാധിപത്യത്തെ പിന്‍തുടരുന്ന രണ്ട് രാജ്യങ്ങളുടെ വിജയമാണ് ഈ ഉപഗ്രഹം.
ശാസ്ത്രത്തിനും ആഗോളക്ഷമതയ്ക്കും പ്രതിജ്ഞാബദ്ധമായ രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച നേട്ടമാണിത്. ഭൂമിയുടെ ഉപരിതല ചലനങ്ങളിലെ സൂക്ഷമമായ മാറ്റങ്ങളെ പോലും ഈ ഉപഗ്രഹം നിരീക്ഷിക്കുമെന്നും ഇവയെല്ലാം സര്‍ക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് ഉപകാരപ്രദമാകുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
നിസാര്‍ നല്‍കുന്നത് ഓപ്പണ്‍ സോഴ്‌സ് ഡാറ്റയാണ്. നിരീക്ഷണങ്ങള്‍ക്ക് ശേഷം രണ്ടു ദിവസം വരെ സൗജന്യമായി പൊതുജനങ്ങള്‍ക്ക് ലഭിക്കുമെന്നതാണ് ദൗത്യത്തിന്റെ പ്രധാന സവിശേഷത.