ബെംഗളൂര്‍ മലയാളികളെ കന്നഡ പഠിപ്പിക്കാനൊരുങ്ങി കര്‍ണാടക; 20 കന്നഡ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കും

ബെംഗളൂര്‍ മലയാളികളെ കന്നഡ പഠിപ്പിക്കാനൊരുങ്ങി കര്‍ണാടക; 20 കന്നഡ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കും


ബെംഗളുരു: കന്നഡ സംസാരിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിനിടെ മലയാളം മാതൃഭാഷയായുള്ളവരെ കന്നഡ പഠിപ്പിക്കാനുള്ള കന്നഡ വികസന അതോറിറ്റി (കെഡിഎ)യുടെ കന്നഡ പഠന പരിപാടി ബെംഗളൂരുവില്‍ വ്യാഴാഴ്ച ഔദ്യോഗികമായി ആരംഭിക്കും.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള മലയാളം മിഷനിലെ അംഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തിലെ ക്ലാസ്. കന്നഡ പഠിക്കാനുള്ള നിര്‍ദേശം ആദ്യമായി ഉന്നയിച്ചതിനാലാണ് ബെംഗളൂരുവിലെ മലയാളം സംസാരിക്കുന്ന സമൂഹത്തിന് സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കിയത്. കന്നഡ മാതൃഭാഷയല്ലാത്തവരെ ഭാഷ പഠിപ്പിക്കുന്നതിനായി നഗരത്തിലുടനീളം 20 കന്നഡ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള കെഡിഎയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.

കര്‍ണാടകത്തില്‍ താമസിക്കുന്ന എല്ലാവരും കന്നഡ പഠിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. കന്നഡക്കാരെ ഉദാരമതികള്‍ എന്ന് വിളിച്ച അദ്ദേഹം സംസ്ഥാനത്ത് കന്നഡ അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഈ നാട്ടില്‍ താമസിക്കുന്നവരുമായി കന്നഡയില്‍ മാത്രം സംസാരിക്കാന്‍ എല്ലാവരും തീരുമാനിക്കണം. നമ്മുടെ നാട്ടില്‍ നമ്മുടെ മാതൃഭാഷയില്‍ സംസാരിക്കുന്നത് നമുക്ക് അഭിമാനമുണ്ടാക്കും' എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്

മൂന്ന് മാസത്തേക്കാണ് കന്നഡ പഠന പരിപാടി. ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ കൂടി കണക്കിലെടുത്ത് ആഴ്ചയില്‍ മൂന്ന് തവണ വൈകുന്നേരം 6 മുതല്‍ 7 വരെ ക്ലാസുകള്‍ മൂന്ന് മാസത്തേക്ക് നടത്തുമെന്ന് കെഡിഎ ചെയര്‍മാന്‍ പ്രൊഫ പുരുഷോത്തമ ബിലിമലെ പറഞ്ഞു.ആഗസ്ത് രണ്ടാം വാരം റെഗുലര്‍ സെഷനുകള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മലയാളം മിഷന്റെയും കന്നഡ പഠന ക്ലാസുകളുടെയും കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം വിശദമായ ക്ലാസ് ഷെഡ്യൂള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി കുടിയേറിയവരാണ് മലയാളി ജനസംഖ്യയുടെ നല്ലൊരു പങ്കും. സാധാരണ സെഷനുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തില്‍ ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ കെഡിഎ കേന്ദ്രങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബംഗളുരുവിലെ ജനസംഖ്യയുടെ പകുതിയോളം കുടിയേറി പാര്‍ത്തവരാണ് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ഇതിലേറെയും കേരളമടക്കം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മലയാളികള്‍ അല്ലാത്ത തമിഴ് അടക്കമുള്ള മറ്റു ഭാഷക്കാര്‍ കന്നഡ പഠിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

വികാസ് സൗധയില്‍ നടക്കുന്ന പരിപാടി നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ് തംഗദഗി, പ്രൊഫ. പുരുഷോത്തമ ബിലിമലെ എന്നിവര്‍ പങ്കെടുക്കും.

സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡക്കാര്‍ക്ക് സംവരണം കൊണ്ടുവരുന്ന കന്നഡ സംവരണ ബില്‍ കഴിഞ്ഞയാഴ്ച കര്‍ണാടക നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് വിവാദത്തിന് കാരണമായതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.