ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവും ഉയർന്നിരുന്നു. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി തേടിയിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് രാജി.
വാൽമീകി കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് ഓഫിസര്‍ പി ചന്ദ്രശേഖരന്റെ ആത്മഹത്യയെത്തുടര്‍ന്ന് 2024 മെയ് മാസത്തിലാണ് അഴിമതി പുറത്തുവന്നത്. അനധികൃത ഫണ്ട് കൈമാറ്റത്തെക്കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വലിയ തുകകള്‍ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും നാഗേന്ദ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.
നേരത്തെ സിദ്ധരാമയ്യ മന്ത്രിസഭയില്‍ ട്രൈബല്‍ വെല്‍ഫെയര്‍ മന്ത്രിയായിരുന്ന നാഗേന്ദ്ര, വിവാദത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജി വെച്ചിരുന്നു. പിന്നീട് ഡികെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആഗസ്റ്റ് 3നാണ് വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ റായ്ച്ചൂര്‍ മുതല്‍ ബല്ലാരി വരെ 10 ദിവസത്തെ പദയാത്ര നടത്തുമെന്ന് കര്‍ണാടക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാഗേന്ദ്ര രാജിവെച്ചത്.
കേസിന്റെ വിവരങ്ങളും ഇത് സർക്കാരിനുണ്ടാക്കുന്ന ആഘാതവും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി തീരുമാനമുണ്ടായത്. പാർട്ടിക്കും സർക്കാരിനും ഗുണകരമാകുന്ന തീരുമാനമാണ് എടുത്തതെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി; മന്ത്രി നാഗേന്ദ്ര രാജിവച്ചു, രണ്ട് വർഷത്തിനിടെ രണ്ടാമത്തെ രാജി
