സൊമാലിയയ്ക്കും യെമനും ഇടയില്‍ ഗള്‍ഫ് ഓഫ് ഏഡനില്‍ 6.0 തീവ്രതയുള്ള ശക്തമായ ഭൂചലനം

സൊമാലിയയ്ക്കും യെമനും ഇടയില്‍ ഗള്‍ഫ് ഓഫ് ഏഡനില്‍ 6.0 തീവ്രതയുള്ള ശക്തമായ ഭൂചലനം


മൊഗാദിഷു: സൊമാലിയയ്ക്കും യെമനും ഇടയിലുള്ള ഗള്‍ഫ് ഓഫ് ഏഡന്‍ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.07നാണ് ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴാഴ്ച രാത്രി 9.07 ജിഎംടിയിലാണ് ഭൂചലനം ഉണ്ടായതെന്നും യുഎസ്ജിഎസ് വ്യക്തമാക്കി. സൊമാലിയന്‍ തീരത്തുനിന്ന് ഏകദേശം 145 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിന്റെ തീവ്രത സംബന്ധിച്ച് വിവിധ ഭൂകമ്പ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളില്‍ ചെറിയ വ്യത്യാസമുണ്ട്. ജര്‍മനിയിലെ ജിഎഫ്‌സെഡ് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസിനെ ഉദ്ധരിച്ച് ഈജിപ്ഷ്യന്‍ ഗസറ്റ് ഭൂചലനത്തിന് 6.2 തീവ്രത രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനത്തെ തുടര്‍ന്ന് ആള്‍നാശമോ നാശനഷ്ടങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.