ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട്; സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നേപ്പാള്‍

ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട്; സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നേപ്പാള്‍


കാഠ്മണ്ഡു: ടിബറ്റില്‍ അണക്കെട്ട് തകര്‍ന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് നേപ്പാള്‍ അധികൃതര്‍ നദീതീരത്തുള്ളവരും രക്ഷാപ്രവര്‍ത്തകരും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. ഹിമാനി തകര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ 450-ലേറെ പേര്‍ മരിച്ചതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

'ടിബറ്റിന്റെ ഭാഗത്ത് വീണ്ടും ജല അണക്കെട്ട് തകര്‍ന്നതായി വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കുകയും ഉടന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും വേണം,' നേപ്പാള്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ, ടിബറ്റിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വെള്ളിയാഴ്ച ഉന്നത നേതാക്കളുമായി യോഗം ചേര്‍ന്നു. നേപ്പാള്‍- ചൈന അതിര്‍ത്തിയില്‍ മണ്ണിടിച്ചിലുണ്ടായി രണ്ട് ദിവസത്തിന് ശേഷമാണ് യോഗം.

രാജ്യത്തിനകത്തും പുറത്തുമായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമാക്കണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നിര്‍ദേശിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് ഹിമാനികള്‍, മഞ്ഞുതടാകങ്ങള്‍, ഭൂമിശാസ്ത്രപരമായ ദുരന്തങ്ങള്‍ എന്നിവയുടെ കൂടുതല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേപ്പാളിന് അടിയന്തര സഹായം നല്‍കുന്നതും അന്താരാഷ്ട്ര ദുരിതാശ്വാസ സഹകരണം ഉറപ്പാക്കുന്നതും ചൈന പരിഗണിക്കുന്നതായും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി 50 ലക്ഷം പൗണ്ട് അനുവദിക്കുമെന്ന് ബ്രിട്ടന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൈന അടിയന്തര ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തിക സഹായവും ഒരുക്കിയതായി നേപ്പാളിലെ ചൈനീസ് അംബാസഡര്‍ അറിയിച്ചു.

കൂടുതല്‍ സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാണെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എക്‌സില്‍ വ്യക്തമാക്കി.

ഇന്ത്യ 10 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ നേപ്പാളിലേക്ക് അയച്ചു. താത്ക്കാലിക ടെന്റുകള്‍, പുതപ്പുകള്‍, ശുചിത്വ കിറ്റുകള്‍, സൗരോര്‍ജ വിളക്കുകള്‍, മരുന്നുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അടിയന്തര ദുരിതാശ്വാസത്തിനായി 5 ലക്ഷം ഡോളര്‍ അനുവദിക്കുകയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനായി ദുരന്തനിവാരണ വിദഗ്ധനെ മേഖലയിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.