മഹാകുംഭ മേള 'ഭൂമിയിലെ ഏറ്റവും വലിയ സമാധാനപരമായ തീര്‍ത്ഥാടകരുടെ കൂട്ടായ്മ'യെന്ന് യുനെസ്‌കോ

മഹാകുംഭ മേള 'ഭൂമിയിലെ ഏറ്റവും വലിയ സമാധാനപരമായ തീര്‍ത്ഥാടകരുടെ കൂട്ടായ്മ'യെന്ന് യുനെസ്‌കോ


പ്രയാഗ് രാജ്:  ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളിലൊന്നായ മഹാ കുംഭമേള 2025ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി.

ഇന്ത്യയില്‍ നിന്നും ലോകമെമ്പാടുനിന്നുമുള്ള ദശലക്ഷക്കണക്കിന് ഭക്തരും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന ഈ പരിപാടിയിലേക്ക് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷാ നടപടികള്‍ എന്നിവയെല്ലാം ഒരുക്കിയിരിക്കുന്നു.

ആദ്യദിനമായ തിങ്കളാഴ്ച മാത്രം ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ ത്രിവേണിയില്‍ പുണ്യസ്‌നാനം ചെയ്തുവെന്നാണ് കണക്ക്. 'ഭൂമിയിലെ ഏറ്റവും വലിയ സമാധാനപരമായ തീര്‍ത്ഥാടകരുടെ കൂട്ടായ്മ' എന്നാണ് മഹാകുംഭ മേളയെ യുനെസ്‌കോ നിര്‍വചിച്ചിരിക്കുന്നത്.

ഇത്രയും വലിയൊരു പരിപാടി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ഇത്രയും വലിയൊരു ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികാരികള്‍ എങ്ങനെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഒരാള്‍ക്ക് സംശയമുണ്ടായേക്കും.

ഇപ്പോഴിതാ മഹാ കുംഭമേളയെക്കുറിച്ച് ഹാര്‍വാഡ് ഉള്‍പ്പെടെയുള്ള 24 ആഗോള സ്ഥാപനങ്ങള്‍ പഠനം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഈ മഹത്തായ ഒത്തുചേരലിന്റെ വിവിധ വശങ്ങള്‍ പഠിക്കുന്നതിനായി ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ 24 സ്ഥാപനങ്ങളാണ് പ്രയാഗ് രാജില്‍ ക്യാമ്പ് ചെയ്യുക. ഗവേഷകര്‍ക്ക് പഠനം നടത്തുന്നതിനായി എട്ട് വ്യത്യസ്ത മേഖലകളും വിഷയങ്ങളുമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഹാര്‍വാഡ്, സ്റ്റാന്‍ഫഡ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ്, ക്യോട്ടോ യൂണിവേഴ്സിറ്റി, എയിംസ്, ഐഐഎം അഹമ്മദാബാദ്, ഐഐഎം ബംഗ്ലൂര്‍, ഐഐടി കാണ്‍പുര്‍, ഐഐടി മദ്രാസ്, ജെഎന്‍യു തുടങ്ങിയവയാണ് പ്രയാഗ് രാജിലേക്ക് ഗവേഷകരെ അയക്കുന്ന സ്ഥാപനങ്ങള്‍.

രണ്ട് സമഗ്ര വിഭാഗങ്ങളായാണ് പഠനത്തെ തിരിച്ചിരിക്കുന്നത്. ഇതില്‍ നിരവധി വിഷയങ്ങള്‍ ഗവേഷകര്‍ പഠനവിധേയമാക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

താത്കാലികമായി സ്ഥാപിക്കപ്പെട്ട ഒരു നഗരം ദശലക്ഷക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുകയും കൈകാര്യം ചെയ്യുന്ന രീതി, അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ തുടങ്ങി മഹാ കുംഭമേളയുടെ ആസൂത്രണവും നടപ്പാക്കലും സംബന്ധിച്ചുള്ള പഠനം ആദ്യ വിഭാഗത്തില്‍പ്പെടുന്നു. താമസം, ഭക്ഷണം, ഗതാഗതം, മതപരമായ കാര്യങ്ങള്‍, ഭക്തരുടെ ചെലവുകള്‍ തുടങ്ങി മഹാകുംഭ മേളയുടെ സാമ്പത്തിക അനന്തരഫലമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പഠനവിധേയമാക്കുക