ഗൊരഖ്പൂര്‍: ഉത്തര്‍ പ്രദേശില്‍ മലയാളി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളെജില്‍ പിജി വിദ്യാര്‍ഥിയായിരുന്ന അഭിഷോയെ ഹോസ്റ്റല്‍ മുറിക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ താമസ സ്ഥലത്തെത്തിയത്. മുറി പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ടു തകര്‍ത്ത് അകത്തു കയറിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അഭിഷോയുടെ കുടുംബം ഗോരഖ്പൂരില്‍ എത്തിയിട്ടുണ്ട്.
മുറിയില്‍ നിന്ന് സര്‍ജറികള്‍ക്കായി ഉപയോഗിക്കുന്ന 'വാക്രോണിയം ബ്രോമൈഡ്' എന്ന മരുന്നിന്റെ ഒഴിഞ്ഞ കുപ്പിയും ഡോക്ടറുടെ കൈയില്‍ രണ്ട് കുത്തിവയ്പ്പ് പാടുകളും പൊലീസ് കണ്ടെത്തി. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഭിഷോയുടെ വിവാഹം. ഭാര്യയുടെ പ്രസവത്തിനായി കേരളത്തിലേക്ക് പോകാനിരിക്കെയാണ് മരണം. പ്രാഥമിക അന്വേഷണത്തില്‍ മുറിയില്‍ നിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും ഗോരഖ്പൂര്‍ സിറ്റി എസ്പി അറിയിച്ചു.