ഡൽഹിയിലെ മാളവിയ നഗറിലുള്ള ലെമൺ ഗ്രീൻ റസ്റ്റോറന്റിൽ ബുധനാഴ്ച ഉണ്ടായ വൻ തീപിടിത്തത്തിൽ കുറഞ്ഞത് 21 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. രാവിലെ 9.45ഓടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചത്. തുടർന്ന് ഡൽഹി ഫയർ സർവീസിന്റെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
എട്ട് അഗ്‌നിശമന സേനാ വാഹനങ്ങളുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയതായി ദക്ഷിണ ഡൽഹി ഡിസിപി അനന്ത് മിത്തൽ അറിയിച്ചു. അപകടത്തിൽപ്പെട്ട കെട്ടിടത്തിൽ നിന്ന് 40ഓളം പേരെ രക്ഷപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനിടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് (ബിഎൻബി) പദ്ധതിയുടെ ഭാഗമായി ആറ് മുറികൾ മാത്രമാണ് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ 25 മുറികൾ വരെ അനധികൃതമായി പ്രവർത്തിച്ചിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മരിച്ചവരിലും രക്ഷപ്പെടുത്തിയവരിലും വിദേശ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മുൻ എംഎൽഎ സോമനാഥ് ഭാരതി അവകാശപ്പെട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ദുരന്തബാധിതർക്ക് എല്ലാ സഹായവും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. തീപിടിത്ത വിവരം ലഭിച്ചതുടൻ അഗ്‌നിശമന സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി, ആംബുലൻസ് സേവനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചതായി അവർ പറഞ്ഞു. പരക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും ദുരിതബാധിത കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, കെട്ടിട ഉടമയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അശീഷ് സൂദ് പറഞ്ഞു. കെട്ടിടത്തിന് ആവശ്യമായ അനുമതികളും എൻഒസിയും ഉണ്ടായിരന്നോയെന്ന് പരിശോധിച്ചുവരികയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും പരക്കേറ്റവർക്ക് അടിയന്തര ചികിത്സയും ഉറപ്പാക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു. നഗരത്തിലെ ഇത്തരം അപകടങ്ങൾ അതീവ ആശങ്കാജനകമാണെന്ന് കെജ്രിവാൾ പ്രതികരിച്ചു.
ഡൽഹി മാളവിയ നഗറിലെ റസ്റ്റോറന്റിൽ വൻ തീപിടിത്തം; 21 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
