മധുര: നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്തിയുള്ള പോരാട്ടമാണ് പ്രധാന ലക്ഷ്യമെന്നു പുതിയ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനു നല്കിയ അഭിമുഖത്തിലാണ് ഭാവി ലക്ഷ്യങ്ങളെ കുറിച്ച് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷത്തിന് ഐക്യമില്ലായ്മ ഉണ്ടോ?
'നരേന്ദ്ര മോഡി സര്‍ക്കാര്‍ അഴിച്ചുവിടുന്ന ആസൂത്രിതമായ ആക്രമണം കണക്കിലെടുക്കുമ്പോള്‍ പ്രതിപക്ഷം ഐക്യമില്ലായ്മ മറികടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 'എമ്പുരാന്' സിനിമ വിവാദം നോക്കു. പ്രതിപക്ഷത്തിന്റെ വിശാലമായ രാഷ്ട്രീയ ക്രമീകരണം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിലേക്കാണ് ഈ വിവാദം എത്തിച്ചത്. ബിജെപി സര്‍ക്കാര്‍ ഇത്തരം നടപടികള്‍ തുടരുമ്പോള്‍ അതിനെ ചെറുക്കാന്‍ ഒന്നിച്ചു ചേരുക എന്നതല്ലാതെ മറ്റ് മാര്‍ഗമില്ല.'
സിപിഎം ഒരു വിശാലമായ ദേശീയ സഖ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയാവസ്ഥ ഒരു തടസമാണോ?
'ബിജെപിക്കെതിരെ വിശാലമായ ഒരു രാഷ്ട്രീയ വേദി സൃഷ്ടിക്കുക എന്നതാണ് പ്രധാന കടമ. കാരണം നവ ഫാസിസ്റ്റ് പ്രവണതകളെ വ്യക്തമായി പ്രകടിപ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യങ്ങളെ കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. കുറച്ചു കാലമായി ഇതാണ് ഞങ്ങളുടെ സമീപനം. പാര്‍ട്ടി അതിന്റെ സ്വതന്ത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കും. കുറച്ച് ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷ ഐക്യം ഉറപ്പാക്കാനും ഞങ്ങള്‍ ശ്രമിക്കും.'
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് പാര്‍ട്ടിയെ നയിക്കുമോ?
'നിലവില്‍ കേരളത്തിലെ ഇടതു മുന്നണിയുടെ നേതാവാണ് പിണറായി വിജയന്. സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നണിയുടെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതില്‍ യാതൊരു സംശയവുമില്ല. അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ ആരാണ് മുഖ്യമന്ത്രിയാകുക എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. അത് സമയമാകുമ്പോള്‍ തീരുമാനിക്കും.'
സംസ്ഥാനത്ത് പാര്‍ട്ടി തുടര്‍ച്ചയായി മൂന്നാം തവണയും വിജയിക്കുമോ?
'പാര്‍ട്ടിയും എല്‍ഡിഎഫും അധികാരത്തില്‍ തുടരുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതുണ്ട്. ചിട്ടയായ പ്രവര്‍ത്തനം നടന്നാല്‍ തുടരെ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നു തീര്‍ച്ചയാണ്. ആ ദിശയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ 24ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനം എടുത്തിട്ടുണ്ട്.'
പുതിയ ജനറല്‍ സെക്രട്ടറിയുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്?
'പാര്‍ട്ടി കോണ്‍ഗ്രസ് മൂന്ന് രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. സംഘപരിവാറിനെയും ബിജെപി സര്‍ക്കാരിനെയും ചെറുക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. സംസ്ഥാന സര്‍ക്കാരുകളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുമായി മോഡി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. വരും ദിവസങ്ങളില്‍ കേന്ദ്രത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തും. രണ്ടാമതായി സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സ്വതന്ത്ര ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മൂന്നാമതായി ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും പ്രാദേശിക തലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും.'
ജനറല്‍ സെക്രട്ടറിയായി താങ്കളെ തെഞ്ഞെടുത്തത് ഐക്യകണ്ഠേനയായിരുന്നോ?
'ഐക്യകണ്ഠേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് സലിം എന്റെ പേര് നിര്‍ദ്ദേശിച്ചു. ചില മാധ്യമങ്ങള്‍ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തിക്കാട്ടിയ അശോക് ധാവ്ലെ പിന്തുണച്ചു. മറ്റുള്ളവരും പിന്തുണ നല്കി. മറ്റ് പേരുകളൊന്നും ഉയര്‍ന്നു വന്നില്ല.'
'മോഡി സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം അനിവാര്യം'-എംഎ ബേബി
