ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം


ഭോപാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബി.ജെ.പി കൗൺസിലർ ഓംപ്രകാശ് കുശ് വാഹയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രക്കിടെയാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്.

ഘോഷയാത്ര ഗുണയിലെ പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചത്തിൽ ഡി.ജെ മ്യൂസിക് വെച്ചത് പള്ളിയിലുള്ളവർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുവിഭാഗവും തമ്മിലുള്ള വാക്തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ റോഡ് ഉപരോധിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.

അനുമതിയില്ലാതെയാണ് ഈ ഭാഗത്ത് ഹനുമാൻ ജയന്തി ഘോഷയാത്ര സഞ്ചരിച്ചതെന്ന് ഗുണ ജില്ല കലക്ടർ കിഷോർ കന്യാൽ പറഞ്ഞു. ഘോഷയാത്ര പള്ളിക്ക് മുന്നിലെത്തിയപ്പോൾ നിർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും കലക്ടർ കൂട്ടിച്ചേർത്തു.