യു എസ് ആസ്ഥാനമായ ഐ ടി കമ്പനിയിലെ എന്‍ജിനിയറെ ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ ദമ്പതികള്‍ക്കെതിരെ കേസ്

യു എസ് ആസ്ഥാനമായ ഐ ടി കമ്പനിയിലെ എന്‍ജിനിയറെ ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ ദമ്പതികള്‍ക്കെതിരെ കേസ്


കോട്ടയം: അമേരിക്ക ആസ്ഥാനമായ ഐ ടി കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ മലയാളി യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 60 ലക്ഷം രൂപയും 61 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത ദമ്പതികള്‍ക്കും സുഹൃത്തിനുമെതിരെ കേസ്. മൂവരും ഒളിവിലാണ്. 

ആലപ്പുഴ സ്വദേശിയും എന്‍ജിനീയറുമായ യുവാവിനെയാണ് ഹണി ട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയെടുത്തത്. സംഭവത്തില്‍ യുവാവ് പരാതി കൊടുത്തതോടെ അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭര്‍ത്താവ് അര്‍ജുന്‍, സുഹൃത്ത് തിരുവഞ്ചൂര്‍ സ്വദേശി അലന്‍ തോമസ് എന്നിവര്‍ക്കെതിരേ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടത്. അയല്‍വാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടാന്‍ തുടങ്ങിയത്. 

പരാതിക്കാരന്റെ കൈവശമുള്ള പണം തട്ടിയെടുത്തശേഷം പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കര്‍ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണളും വാങ്ങിയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നപ്പോള്‍ പരാതിക്കാരന്‍ ഉന്നത പൊലീസ് അധികൃതരെ സമീപിക്കുകയായിരുന്നു.

പ്രതികളായ ധന്യ, അര്‍ജുന്‍, അലന്‍ എന്നിവര്‍ ഒളിവിലാണ്. ഇതേ പ്രതികള്‍ സമാനമായ തട്ടിപ്പു നടത്തി നിരവധി ആളുകളില്‍നിന്നും പണം തട്ടിയതായി വിവരമുണ്ട്. കഴിഞ്ഞമാസം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പി ആര്‍ ഒയ്‌ക്കെതിരെ ഇതേ യുവതിയുടെ പരാതിയില്‍ വിജിലന്‍സ് സംഘം കേസെടുത്തിരുന്നു. കൈക്കൂലിയായി ലൈംഗികബന്ധവും മദ്യവും ആവശ്യപ്പെട്ടതായി ആരോപിച്ചാണ് യുവതി വിജിലന്‍സിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് വിജിലന്‍സ് സംഘം യുവതിയെ കാണാനെത്തിയ പി ആര്‍ ഒയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ യുവതിക്കെതിരെ കോടികളുടെ ഹണി ട്രാപ്പ് കേസ് പുറത്തുവന്നത്.