ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം

ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന ആശുപത്രിക്ക് നേരെ ആക്രമണം




ഗാസ സിറ്റി: ഗാസ സിറ്റിയിലെ ഏക ആശുപത്രി ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നു. ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെയാണ് ആക്രമണം നടന്നത്. ഓശാന ഞായറാഴ്ച നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടുനില കെട്ടിടത്തിലെ ഐ.സി.യു, സർജറി, ഫാർമസി, ലബോറട്ടറിയും അടക്കമുള്ള സകല സൗകര്യങ്ങളും തകർന്നതായി ഗാസ ആരോഗ്യ മന്ത്രാലയവും ദൃക്‌സാക്ഷികളും പറഞ്ഞു.

മിസൈൽ പതിച്ച് ആശുപത്രി കെട്ടിടത്തിൽനിന്ന് കനത്ത തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തെതുടർന്ന് ചികിത്സയിലായിരുന്ന രോഗികൾ ജീവൻ രക്ഷാർഥം പുറത്തേക്ക് ഓടുന്നതും ആശുപത്രി വരാന്തയിൽ അഭയം തേടിയ സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.

നൂറിലേറെ രോഗികളെയും ഡസനിലേറെ ജീവനക്കാരെയും ആക്രമണം ബാധിച്ചതായി അൽ അഹ്‌ലി ആശുപത്രി ഡയറക്ടർ ഡോ. ഫദൽ നയീം പറഞ്ഞു. ഇസ്രായേൽ സേനയുടെ മുന്നറിയിപ്പിനെതുടർന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നതിനിടെ തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. അൽ ഷിഫ ആശുപത്രി തകർത്തശേഷം ഗാസ സിറ്റിയിൽ അവശേഷിക്കുന്ന ഏക ആശുപത്രിയാണ് അൽ അഹ്‌ലി. 2023 ഒക്ടോബറിലും ഈ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. അന്ന് സ്ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.