മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരത്തിന് മുംബൈയിൽ തുടക്കം. ശിവാജി പാർക്കിൽ നടക്കുന്ന സി ജെപി പ്രതിഷേധം 2.0 ന് വൻ ജന പങ്കാളിത്തമാണുള്ളത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനമായ ഡൽഹിയിലും മുംബൈയിലും വൻ പ്രതിഷേധങ്ങളാണ് ആരംഭിച്ചിട്ടുള്ളത്.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഡൽഹിയിലെ ജന്തർ മന്ദറിലും 'കോക്രോച്ച് ജനതാ പാർട്ടി' മുംബൈയിലെ ശിവാജി പാർക്കിലും നടത്തുന്ന പ്രക്ഷോഭത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. കോടിക്കണക്കിന് വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന വിവാദപരമായ വോട്ടർപട്ടിക പരിഷ്‌കരണത്തിന് (SIR) എതിരെയാണ് ഈ ജനകീയ പ്രക്ഷോഭം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റിച്ച് കഴിഞ്ഞ ജൂലൈയിൽ ചരിത്ര വിജയം നേടിയ സിജെപി ആണ് മുംബൈയിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത്. മുംബൈ പോലീസ് ശിവാജി പാർക്കിൽ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചെങ്കിലും, പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും 'ജയിൽ ഭരോ ആന്ദോളൻ' (ജയിൽ നിറയ്ക്കൽ സമരം) ആരംഭിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. പ്രക്ഷോഭത്തിന് പിന്തുണയുമായി സംഗീത സംവിധായകന്‍ വിശാല്‍ ദല്‍ദാനിയും ചലച്ചിത്ര താരങ്ങളായ ശബാന ആസ്‌മിയും നസറുദ്ദീന്‍ ഷായും പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി ശിവജി പാര്‍ക്കിലെത്തി.
ശിവസേന(ഉദ്ധവ് ബാലസാഹെബ് താക്കറെ) നേതാവ് ആദിത്യ താക്കറെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യാവ്യാപക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തി. ജനാധിപത്യത്തെ തിരിച്ച് പിടിക്കുന്നതിന് മുംബൈ സാക്ഷ്യം വഹിക്കുന്നുവെന്ന് ആദിത്യ എക്‌സില്‍ കുറിച്ചു. ഇവിടെ നടക്കുന്നതെല്ലാം സിജെപിയെ പിന്തുണയ്ക്കുന്നത് തന്നെയാണ്. ബിജെപിയുടെ ഏകാധിപത്യ ഭരണം നമ്മുടെ വോട്ടുകള്‍ അപഹരിച്ചിരിക്കുന്നു. നമ്മുടെ ശബ്‌ദം വീണ്ടെടുക്കേണ്ടതുണ്ട്. ഇത് രാഷ്‌ട്രീയമല്ല. ഇത് രാഷ്‌ട്രത്തിന്‍റെ കാര്യമാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന്‍റെ വിഷയമാണ്. നമ്മുടെ വോട്ടിന്‍റെ, ഭരണഘടനയുടെ കാര്യമാണ്. ഒറ്റുകാരന്‍ ഗ്യാനേഷ് പുറത്ത് പോയേ തീരൂ എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടത് പ്രവർത്തകരുടെ സമരം സംഘർഷത്തിലാണ് കലാശിച്ചത്. ജന്തർ മന്ദറിൽ നിന്ന് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി, എംപി എഎ റഹീം, ജെയ്ക്ക് സി തോമസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ നഗരത്തിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരും സമര രംഗത്ത് സജീവമാണ്. ഇതിനകം പത്തോളം ബസുകളിലായാണ് നേതാക്കന്മാരെ അറസ്റ്റ് ചെയത് നീക്കിയത്. നൂറുകണക്കിന് മലയാളികളും ജന്തർ മന്ദറിൽ പ്രതിഷേധത്തിനായി എത്തിയിരുന്നു. വനിതകളെയടക്കം അറസ്റ്റ് ചെയ്ത് നീക്കുന്ന സാഹചര്യമുണ്ടായി.
ജന്ദര്‍ മന്ദറില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത എഎപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്‌ത് ദക്ഷിണ ഡല്‍ഹിയിലെ ഫത്തേപ്പൂര്‍ ബെറി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുന്‍മുഖ്യമന്ത്രി അദിഷി, എംഎല്‍എ കുല്‍ദീപ് കുമാര്‍, എഎപി വക്താവ് അനുരാഗ് ധണ്ഡ, നിരവധി നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവരെയാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള പൊലീസിന്‍റെ വ്യാപക ശ്രമത്തിന്‍റെ ഭാഗമാണിത്. വന്‍തോതിലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. നിരവധി പാര്‍ട്ടി അംഗങ്ങളെയും പ്രവര്‍ത്തകരെയും മധ്യഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യുന്നുമുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖാവരണങ്ങള്‍ അണിഞ്ഞാണ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനെത്തിയത്. വോട്ടര്‍പട്ടികയില്‍ സുതാര്യതയും വിശ്വാസ്യതയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഐവൈസി ഓഫീസിന് മുന്നില്‍ ബാരിക്കേഡുകള്‍ വച്ചായിരുന്നു സമരക്കാരെ തടഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയഭാനുവാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തെരഞ്ഞെടുപ്പ് അഖണ്ഡതയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് ആവശ്യവുമായി ഒരു ഓണ്‍ലൈന്‍ നിവേദനം നല്‍കിയിരുന്നു. തെരഞ്ഞെുപ്പ് വോട്ടര്‍പട്ടികയിലും ആരോപണമുയര്‍ന്നിട്ടുള്ള ക്രമക്കേടുകളിലും പൂര്‍ണ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
ജയിൽ നിറയ്ക്കൽ സമരത്തിന് തുടക്കം, മുംബൈ തെരുവിലിറങ്ങി പാറ്റകൾ; ഡൽഹിയിൽ പ്രക്ഷോഭവുമായി പ്രതിപക്ഷം, 700 നേതാക്കൾ കസ്റ്റഡിയിൽ
