ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം; 'പങ്കാളികൾ, എതിരാളികളല്ല': ഷി

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം; 'പങ്കാളികൾ, എതിരാളികളല്ല': ഷി


ന്യൂഡൽഹി: അതിർത്തിയിലെ തർക്കങ്ങൾക്കിടയിലും ഇന്ത്യ-ചൈന ബന്ധം തന്ത്രപരമായ സഹകരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ശക്തമാക്കി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. ന്യൂഡൽഹിയിൽ നടന്ന 18ാമത് ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീർഘകാല ബന്ധം വിപുലീകരിക്കുന്നതിനുള്ള നാല് നിർദേശങ്ങൾ ഷി മുന്നോട്ടുവച്ചത്.

'എതിരാളികളല്ല, പങ്കാളികൾ'

ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളായല്ല, വികസനത്തിന് അവസരങ്ങളായാണ് കാണേണ്ടതെന്ന് ഷി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മോഡിയുമായി നടന്ന കൂടിക്കാഴ്ചകൾ ബന്ധത്തെ 'പുനരാരംഭ' ഘട്ടത്തിൽനിന്ന് കൂടുതൽ മെച്ചപ്പെട്ട നിലയിലേക്ക് എത്തിച്ചതായും അദ്ദേഹം വിലയിരുത്തി. സ്ഥാപനതല ബന്ധങ്ങൾ പുനഃസ്ഥാപിച്ചതും വ്യാപാര സഹകരണം വർധിച്ചതും ഇരുരാജ്യങ്ങളും നേടിയ പുരോഗതിയുടെ സൂചനകളാണ്.

സഹകരണത്തിന് മുൻഗണന

തന്ത്രപരമായ കാര്യങ്ങളിൽ വസ്തുനിഷ്ഠവും യുക്തിസഹവുമായ സമീപനം സ്വീകരിക്കണമെന്നാണ് ഷിയുടെ ആദ്യ നിർദേശം. സാമ്പത്തിക, വ്യാപാര മേഖലകളിലെ ആശങ്കകൾ പരിഹരിക്കുന്നതിനൊപ്പം ജനങ്ങൾ തമ്മിലുള്ള ബന്ധവും നേരിട്ടുള്ള വിമാന സർവീസുകളും വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിർത്തി പ്രശ്‌നം മറികടക്കണം

ബന്ധത്തിലെ ഭിന്നതകൾ പരസ്പര ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും അതിർത്തി പ്രശ്‌നത്തിന് ന്യായവും പരസ്പരം അംഗീകരിക്കാവുന്നതുമായ പരിഹാരം കണ്ടെത്തണമെന്നും ഷി പറഞ്ഞു. അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തിക്കൊണ്ടായിരിക്കണം ബന്ധം മുന്നോട്ടുപോകേണ്ടതെന്നും വ്യക്തമാക്കി.

മോഡിയുടെ നിലപാട് നിർണായകം

'പരസ്പര ബഹുമാനം, പരസ്പര സവേദനക്ഷമത, പരസ്പര താൽപര്യം' എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം ബന്ധമെന്ന് മോഡി വ്യക്തമാക്കി. 'ഭിന്നതകൾ തർക്കങ്ങളായി മാറരുത്' എന്ന മോഡിയുടെ നിലപാട് ഇന്ത്യയുടെ സമീപനത്തിലെ പ്രധാന നിബന്ധനയാണ്.

ബ്രിക്‌സ്, ജി20, ഐക്യരാഷ്ട്രസഭ, ഷാങ്ഹായ് സഹകരണ സംഘടന തുടങ്ങിയ വേദികളിൽ കൂടുതൽ സഹകരിക്കണമെന്ന ഷിയുടെ നിർദേശം, ഇരുരാജ്യങ്ങളും ഉഭയകക്ഷി പ്രശ്‌നങ്ങൾക്കപ്പുറം ആഗോള വിഷയങ്ങളിലും ഏകോപനം വർധിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ്. എന്നാൽ അതിർത്തി പ്രശ്‌നവും വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും പരിഹരിക്കാതെ 'പങ്കാളിത്തം' എത്രത്തോളം പ്രായോഗികമാകുമെന്നതാണ് ഇനി നിർണായകം.