ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ജന്തർ മന്തറിൽ സമരം നടത്തുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക കുറിപ്പിലൂടെയാണ് ഡൽഹി പൊലീസ് വിശദീകരണം നൽകിയത്. പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സമരത്തിനിടെ നടന്ന അക്രമസംഭവങ്ങളിൽ നേരിട്ട് പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തുന്നവർക്കെതിരെ നിയമപ്രകാരം പാസ്‌പോർട്ട് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്ന തരത്തിൽ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സമരവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ, വീഡിയോ രേഖകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ച് അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാനുള്ള അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
ജന്തർ മന്തറിന് സമീപം നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് ഇൻസ്‌പെക്ടർ നന്ദ് കിഷോർ സിങ്ങിന് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സമരവേദിക്ക് സമീപത്തേക്ക് ഡ്യൂട്ടിക്കായി പോകുന്നതിനിടെ ഒരു സംഘം പ്രതിഷേധക്കാർ ആക്രമിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
സംഭവസമയത്ത് നാലായിരം മുതൽ അയ്യായിരം വരെ ആളുകൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് വിരുദ്ധവും സർക്കാർ വിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നുവെന്നും ഇൻസ്‌പെക്ടർ നന്ദ് കിഷോർ സിങ് പറഞ്ഞു. താൻ ഡ്യൂട്ടി നിർവഹിക്കാനാണ് അവിടേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാസ്‌പോർട്ട് റദ്ദാക്കൽ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമൊന്നും നിലവിലില്ലെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഡൽഹി പൊലീസ് വീണ്ടും ആവർത്തിച്ചു.
സിജെപി പ്രതിഷേധക്കാരുടെ പാസ്‌പോർട്ട് റദ്ദാക്കുമെന്ന പ്രചാരണം തെറ്റെന്ന് ഡൽഹി പൊലീസ്
