വാഷിങ്ടൺ: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ പട്ടാ പകൽ നടന്ന രണ്ട് കത്തിക്കുത്ത് ആക്രമണങ്ങളിൽ രണ്ടപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം വിദ്വേഷക്കുറ്റത്തിന്റെ ഭാഗമാണോയെന്ന് ന്യൂയോർക്ക് പൊലീസ് (എൻവൈപിഡി) അന്വേഷിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ആദ്യ ആക്രമണത്തിൽ അപ്പർ വെസ്റ്റ് സൈഡിലെ വെസ്റ്റ് 84ാം സ്ട്രീറ്റിന് സമീപം 57കാരനായ ഏഷ്യൻ വംശജനെയാണ് പ്രതി കുത്തിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് വെസ്റ്റ് 86ാം സ്ട്രീറ്റിന് സമീപം 50കാരനായ ജൂത മതവിശ്വാസിയെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു.
രണ്ടു സംഭവങ്ങളിലും പ്രതി 'അല്ലാഹു അക്ബർ' എന്ന് വിളിച്ചുപറഞ്ഞതായി ഇരകളും ദൃക്‌സാക്ഷികളും മൊഴി നൽകിയതായി ന്യൂയോർക്ക് പൊലീസ് കമ്മിഷണർ ജെസിക്ക ടിഷ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം വിദ്വേഷക്കുറ്റത്തിന്റെ പരിധിയിൽ വരമോയെന്ന് പരിശോധിക്കുന്നത്.
പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 51കാരനായ റൗൾ മൊറാലസിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പർ വെസ്റ്റ് സൈഡിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആക്രമണവുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവിൽ അന്വേഷിക്കുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിക്കും ഇരകൾക്കും തമ്മിൽ മുൻപരിചയമോ ബന്ധമോ ഉണ്ടായിരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. രണ്ട് ഇരകളും പരസ്പരം പരിചയമുള്ളവരാണെന്ന തെളിവും ലഭിച്ചിട്ടില്ല.
പ്രതിക്കെതിരെ ന്യൂയോർക്ക് പൊലീസിന്റെ രേഖകളിൽ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മുൻചരിത്രമില്ല. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സംഭവത്തിന് കാരണമായിരിക്കാമെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ പറഞ്ഞു.
ആക്രമണത്തിന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും എല്ലാ സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
ന്യൂയോർക്കിൽ പകൽവെളിച്ചത്തിൽ കത്തിക്കുത്ത്; വിദ്വേഷക്കുറ്റമാണോയെന്ന് അന്വേഷണം
