വാഷിങ് ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സുരക്ഷാ സംഘത്തിലെ ഒരംഗത്തിനെതിരെ ആഭ്യന്തര അന്വേഷണവും ക്രിമിനൽ അന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കുകയാണെന്ന് യു.എസ്. സീക്രട്ട് സർവീസ് അറിയിച്ചു. പ്രവർത്തന സുരക്ഷയെയും രഹസ്യ വിവരങ്ങളുടെ സംരക്ഷണത്തെയും ബാധിക്കുന്ന ആരോപണങ്ങളാണ് അന്വേഷണത്തിന് ആധാരമെന്ന് അധികൃതർ വ്യക്തമാക്കി.
സീക്രട്ട് സർവീസിന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആന്റണി ഗുഗ്ലയേൽമി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും, എന്നാൽ സംരക്ഷണം ലഭിക്കുന്ന വ്യക്തിയുടെ സുരക്ഷയെ ബാധിക്കാൻ സാധ്യതയുള്ള ഒരു നടപടിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ച വൈസ് പ്രസിഡന്റിന്റെ യാത്രാ ക്രമീകരണങ്ങളെ വിമർശിച്ച് ഒരു റപ്പോർട്ട് പുറത്തുവന്നിരുന്നു. വാൻസിന്റെ മകനെ ഹെലികോപ്റ്ററിൽ ഗോൾഫ് പരിശീലനത്തിന് കൊണ്ടുപോയതടക്കമുള്ള തിടുക്കത്തിൽ ഒരുക്കിയ യാത്രകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ അതൃപ്തരാണെന്നായിരുന്നു റിപ്പോർട്ട്. ഇത് സീക്രട്ട് സർവീസിന്റെയും എഫ്ബിഐയുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സംഘത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് വൈസ് പ്രസിഡന്റിന്റെ ഓഫീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കെതിരായ ഭീഷണികൾ ഈ വർഷം ഗണ്യമായി വർധിച്ചതായി സീക്രട്ട് സർവീസ് അറിയിച്ചു. 2026ൽ മാത്രം സംരക്ഷണ ചുമതലയിലുള്ള വ്യക്തികൾക്കെതിരായ 10,000ത്തിലധികം ഭീഷണി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്തതായും ഭീഷണികളുടെ എണ്ണവും സങ്കീർണതയും വർധിച്ചുവരുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രഹസ്യവിവരങ്ങൾ ചോരുന്നു;. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സുരക്ഷാ സംഘാംഗത്തിനെതിരെ അന്വേഷണം
