ടെഹ്രാൻ: ഇറാനിലെ പാലങ്ങളും വൈദ്യുതിനിലയങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അമേരിക്ക ആക്രമിച്ചാൽ ശക്തവും കടുത്തതുമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ മുതിർന്ന സൈനിക ഉപദേഷ്ടാവ് മൊഹ്‌സെൻ റസായിയാണ് ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. 'യാഥാർഥ്യബോധം നഷ്ടപ്പെട്ട അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായ ഗുരുതരമായ തെറ്റുകൾ വഴി 'ഭ്രാന്തന്റെ' വേഷത്തിൽ നിന്ന് 'നിരാശനായ മനുഷ്യന്റെ' വേഷത്തിലേക്ക് മാറിയിരിക്കുകയാണ്,' എന്നാണ് റസായി ഇറാനിയൻ മാധ്യമങ്ങളോട് പറഞ്ഞത്.
ഇറാഖ് അതിർത്തിയിലെ ശാലംചെയിൽ തീർഥാടകരെ ലക്ഷ്യമിട്ട ആക്രമണവും ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുമെന്ന അമേരിക്കയുടെ ഭീഷണിയും അവരുടെ നിരാശയും നിസ്സഹായതയും മാത്രമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ അതിന് ശക്തവും ഘട്ടംഘട്ടമായി കടുപ്പിക്കുന്നതുമായ മറുപടി നൽകും,' റസായി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ തുടർന്ന് ട്രംപ് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഈ പ്രതികരണം. ഇറാൻ ഏതെങ്കിലും കപ്പലിനെ ആക്രമിക്കുന്ന ഓരോ തവണയും ഒരു പാലമോ വൈദ്യുതിനിലയമോ അമേരിക്ക തകർക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.
അമേരിക്കയും ഇറാനും തമ്മിലുള്ള വാക്കേറ്റം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് പുതിയ ഭീഷണികളും മുന്നറിയിപ്പുകളും. ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണക്കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
പാലങ്ങളോ വൈദ്യുതിനിലയങ്ങളോ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി; ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ
