വാഷിങ്ടൺ: നിർബന്ധിത തൊഴിലാളി ചൂഷണത്തിലൂടെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഫലപ്രദമായി തടയാത്ത 60 വ്യാപാര പങ്കാളി രാജ്യങ്ങൾക്ക് അമേരിക്ക പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് പുതിയ നടപടി സ്വീകരിച്ചതെന്ന് യു.എസ്. ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ അറിയിച്ചു.
1974ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരം നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുവ ഏർപ്പെടുത്തിയതെന്ന് ഗ്രീർ വ്യക്തമാക്കി. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിലും അത് കർശനമായി നടപ്പാക്കുന്നതിലും പരാജയപ്പെട്ട രാജ്യങ്ങൾക്കെതിരെയാണ് നടപടി.
കഴിഞ്ഞ വർഷം ട്രംപ് പ്രഖ്യാപിച്ച 10 മുതൽ 50 ശതമാനം വരെ വ്യാപിച്ചിരുന്ന 'ലിബറേഷൻ ഡേ' തീരുവകൾ യു.എസ്. സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ദേശീയ അടിയന്തരാവസ്ഥാ നിയമം ഉപയോഗിച്ച് ഇത്ര വ്യാപകമായ തീരുവ ഏർപ്പെടുത്താൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. തുടർന്ന് 150 ദിവസത്തേക്ക് 10 ശതമാനം താൽക്കാലിക തീരുവ സർക്കാർ നടപ്പാക്കിയിരുന്നു. ഈ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.
ആഗോള വിതരണ ശൃംഖലകളിൽ നിന്ന് നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ദീർഘകാലമായി നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ലെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. അമേരിക്കയിൽ നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഏറെക്കാലമായി നിരോധിച്ചിട്ടുണ്ടെന്നും അതേ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടരേണ്ട സമയമായെന്നും ഗ്രീർ പറഞ്ഞു.
മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനൊപ്പം ആഗോള വ്യാപാര രംഗത്ത് നീതിപൂർണമായ മത്സരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സൗദി അറേബ്യയുമായി അമേരിക്ക അടുത്തിടെ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നത്. സൗദിയിലെ തൊഴിലാളികളുടെ അവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനകൾ മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും ട്രംപ് ഭരണകൂടത്തിന്റെ പുതിയ വ്യാപാരനയം ശ്രദ്ധേയമാകുകയാണ്.
നിർബന്ധിത തൊഴിലാളി ചൂഷണം തടയാൻ നടപടി; 60 വ്യാപാര പങ്കാളി രാജ്യങ്ങൾക്ക് പുതിയ തീരുവ പ്രഖ്യാപിച്ച് ട്രംപ്
