മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്, എം.പിമാരെ കണ്ടെത്താൻ പരക്കംപാച്ചിൽ; ഉദ്ദവ് താക്കറെയുടെ ശിവസേനയിൽ കലഹം രൂക്ഷം

മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്, എം.പിമാരെ കണ്ടെത്താൻ പരക്കംപാച്ചിൽ; ഉദ്ദവ് താക്കറെയുടെ ശിവസേനയിൽ കലഹം രൂക്ഷം


മുംബൈ: തൃണമൂൽ കോൺ​ഗ്രസിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ ശിവസേനയിലും (യു.ബി.ടി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഉദ്ദവ് വിഭാ​ഗത്തിലെ 9 എം.പിമാരിൽ ആറ് പേരാണ് കലഹവുമായി രം​ഗത്തുള്ളത്. ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും മുതിർന്ന നേതാക്കൾക്ക് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടയിൽ ചില നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. 

ഉദ്ദവ് പക്ഷത്തിന്റെ പാർലമെന്ററി പാർട്ടി യോ​ഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേയാണ് എം.പിമാരുടെ 'മുങ്ങൽ' വിവാദമായിരിക്കുന്നത്. അതേസമയം, മുങ്ങിയവർ രാവിലെ ഡൽഹിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീനാഥ് ഷിൻഡെയുടെ വസതിയിൽ എത്തുമെന്നും യോ​ഗംചേരുമെന്നും സൂചനയുണ്ട്. ഏകനാഥ് ഷിൻഡെ യോ​ഗത്തിൽ പങ്കെടുത്തേക്കും. യോ​ഗത്തിന് ശേഷം ലോക്സഭ സ്പീക്കർ ഓം ബിർളയെ കാണുന്ന സംഘം, ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടാനാണ് നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 

സഞ്ജയ് പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാ​ഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിമ്പാൽക്കർ തുടങ്ങിയ ആറ് പേരാണ് ഷിൻഡേ പക്ഷത്തോട് അടുത്തിരിക്കുന്നത്. ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നേടുന്നതിന് പിന്നാലെ ഷിൻഡെ വിഭാ​ഗത്തിൽ ലയിക്കാനാണ് നീക്കം. 

അതിനിടെ, 15 കോടി നൽകി എം.പിമാരെ വിലയ്ക്ക് വാങ്ങിയെന്ന ആരോപണവുമായി ഉദ്ദവ് താക്കറെ വിഭാ​ഗം മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് രം​ഗത്തെത്തി. "അപ്നാ സപ്നാ മണി മണി! മഹാരാഷ്ട്രയിൽ നിന്നുള്ള എംപിമാർക്ക് പാർട്ടി മാറാൻ ഓരോരുത്തർക്കും 15 കോടി രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്" എന്ന് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട അദ്ദേഹം, ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തിട്ടുണ്ട്.