പിണറായിയുടെ 'രക്ഷാപ്രവർത്തകർ'ക്ക് മുൻകൂർ ജാമ്യം: എസ്.ഐ.ടി അപ്പീലുമായി ഹൈക്കോടതിയിൽ

പിണറായിയുടെ 'രക്ഷാപ്രവർത്തകർ'ക്ക് മുൻകൂർ ജാമ്യം: എസ്.ഐ.ടി അപ്പീലുമായി ഹൈക്കോടതിയിൽ


എറണാകുളം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഹൈക്കോടതിയിൽ അപ്പീൽ നൽകി. പ്രതികളായ അനിൽ കല്ലിയൂർ, സുരക്ഷാസേനയിലുണ്ടായിരുന്ന എസ്.സന്ദീപ്, ആർ.അരുൺ, വി.വി.വിപിൻ, വി.കെ.ഷൈജു എന്നിവർക്ക് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചത്.

2023 ഡിസംബറിലാണ് സംഭവം. പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്ന ഗൺമാൻമാരായ അനിൽ കുമാറും സന്ദീപും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പ്രതിഷേധക്കാരെ ലോക്കൽ പോലീസ് പിടിച്ചുമാറ്റി നിർത്തിയിരിക്കേ, മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാ​ഗം ലാത്തികൊണ്ട് തല്ലിച്ചതച്ചത് നിയമലംഘനമെന്നാണ് പരാതി. 

എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും, അത് പ്രതിഷേധക്കാരിൽ നിന്നുള്ള ‘രക്ഷാപ്രവർത്തനം’ ആയിരുന്നുവെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവത്തെ ന്യായീകരിച്ചത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ഒടുവിൽ പോലീസ് ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ നിർബന്ധിതരായതും തുടർന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതും.