പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗസ്റ്റിൽ യുക്രെയ്ൻ സന്ദർശിച്ചേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഗസ്റ്റിൽ യുക്രെയ്ൻ സന്ദർശിച്ചേക്കും


ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത മാസം യുക്രെയ്ൻ സന്ദർശിച്ചേക്കും. റഷ്യൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് മോഡി യുക്രെയ്‌നിലെത്തുന്നത്. ഇറ്റലിയിൽ നടന്ന ജി7 യോഗത്തിനിടെ മോഡിയും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോഡി യുക്രെയ്‌നിലേക്ക് പോവുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്.

നരേന്ദ്ര മോഡി മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തപ്പോൾ അഭിനന്ദനമറിയിച്ച് സെലൻസ്‌കി രംഗത്തെത്തിയിരുന്നു. അതേസമയം മോഡിയും റഷ്യൻ പ്രസിഡന്റ് വ്‌ലാദമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ രൂക്ഷമായി സെലൻസ്‌കി വിമർശിച്ചിരുന്നു. മോഡിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണെന്നുമായിരുന്നു സെലൻസ്‌കിയുടെ പ്രതികരണം.

റഷ്യയുടെ മിസൈലാക്രമണത്തിൽ യുക്രെയ്‌നിൽ ശനിയാഴ്ച 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേർക്കാണ് പരിക്കേറ്റത്. യുക്രെയ്‌നിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. അർബുദരോഗികളെയാണ് ലക്ഷ്യമാക്കിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ് നിരവധി പേർ. അങ്ങനെയൊരു ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തക്കൊതിയനായ കുറ്റവാളിയെ ആലിംഗനം ചെയ്യുമ്പോൾ അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നുമായിരുന്നു സെലൻസ്‌കിയുടെ പ്രസ്താവന.

ഇതിന് പിന്നാലെ നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്നു പുട്ടിനോട് മോഡി പറഞ്ഞു. യുദ്ധത്തിലായാലും ഭീകരാക്രമണത്തിലായാലും ജീവൻ നഷ്ടമാകുന്നത് മാനവികതയിൽ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നു. ബോംബുകൾക്കും ബുള്ളറ്റുകൾക്കുമിടയിൽ സമാധാന ചർച്ച വിജയിക്കില്ലെന്നും മോഡി പറഞ്ഞിരുന്നു.