സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ബെല്‍ജിയത്തില്‍ കഴിയുന്ന മെഹുല്‍ ചോക്‌സിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

മെഹുല്‍ ചോക്‌സിയും ഭാര്യയും ബെല്‍ജിയത്തില്‍ ഉള്ളതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോക്‌സിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബെല്‍ജിയത്തോട് ആവശ്യപ്പെട്ടിരുന്നു. മെഹുല്‍ ചോക്‌സിയുടെ ഭാര്യയ്ക്ക് ബെല്‍ജിയം പൗരത്വമുണ്ട്.

അറസ്റ്റിലായ ചോക്‌സി നിലവില്‍ ജയിലിലാണെന്നും ഇന്ത്യയിലേക്ക് എത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബെല്‍ജിയത്തില്‍ പൗരത്വം കിട്ടാനായി മെഹുല്‍ ചോക്‌സി നല്‍കിയ രേഖകളും വ്യാജമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ടയാളാണ് ചോക്‌സി. ബാങ്ക് വായ്പാ തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ സഹോദരീപുത്രനാണ് മെഹുല്‍ ചോക്‌സി.

നേരത്തേ, കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വ ബാര്‍ബുഡയിലായിരുന്ന ചോക്‌സി പിന്നീട് ബെല്‍ജിയത്തിലേക്ക് മാറുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഉടമയായിരുന്നു മെഹുല്‍ ചോക്‌സി. ഇന്ത്യയില്‍ മാത്രം നാലായിരം ബ്രാഞ്ചുകളുണ്ടായിരുന്ന ഗ്രൂപ്പ് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്നാണ് അടച്ചു പൂട്ടിയത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യവുമായി ബന്ധപ്പെട്ട് വിവിധ ബാങ്കുകളില്‍ നിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് മെഹുല്‍ ചോക്‌സിയും നീരവ് മോദിയും രാജ്യം വിടുകയായിരുന്നു. നിലവില്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയാണ് നീരവ് മോദി.

തട്ടിപ്പിനെ കുറിച്ച് പുറംലോകം അറിയുന്നതിനു മുമ്പ് തന്നെ മെഹുല്‍ ചോക്‌സി ഇന്ത്യ വിട്ടിരുന്നു. രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു പിഎന്‍ബി ബാങ്ക് തട്ടിപ്പ്.