ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി മനിലയിലേക്ക്

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോഡി മനിലയിലേക്ക്


ന്യൂഡല്‍ഹി: 23-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയിലും 21-ാമത് കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തിങ്കളാഴ്ച ഫിലിപ്പീന്‍സിലെ മനിലയിലേക്ക് പുറപ്പെട്ടു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ നടക്കുന്ന ഉന്നതതല ചര്‍ച്ചകളില്‍ സമുദ്രസുരക്ഷ, പ്രതിരോധ സഹകരണം, വ്യാപാരബന്ധം എന്നിവ പ്രധാന വിഷയങ്ങളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ആസിയാന്‍ അധ്യക്ഷപദവി വഹിക്കുന്ന ഫിലിപ്പീന്‍സാണ് ഇരു ഉച്ചകോടികള്‍ക്കും ആതിഥേയത്വം വഹിക്കുന്നത്. ഇന്തോ- പസഫിക് മേഖലയിലെ മാറുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങളില്‍ തെക്കുകിഴക്കന്‍ ഏഷ്യയ്ക്ക് ഇന്ത്യ നല്‍കുന്ന തന്ത്രപ്രധാനമായ പരിഗണനയുടെ പശ്ചാത്തലത്തിലാണ് മോഡിയുടെ സന്ദര്‍ശനം.

സന്ദര്‍ശനത്തെക്കുറിച്ച് എക്‌സില്‍ കുറിച്ച പ്രധാനമന്ത്രി, മനിലയില്‍ നടക്കുന്ന 23-ാമത് ആസിയാന്‍- ഇന്ത്യ ഉച്ചകോടിയിലും 21-ാമത് കിഴക്കന്‍ ഏഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് അറിയിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഫിലിപ്പീന്‍സിലെ ഇന്ത്യന്‍ സമൂഹവുമായി സംവദിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് സമുദ്രസഹകരണമായിരിക്കും. തന്ത്രപ്രധാനമായ തെക്കുകിഴക്കന്‍ ഏഷ്യന്‍ സമുദ്രമേഖലയിലെ പൊതുതാത്പര്യങ്ങള്‍ മുന്‍നിര്‍ത്തി 2026നെ ഇന്ത്യയും ആസിയാനും സമുദ്രസഹകരണ വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയത്തിന്റെ പ്രധാന ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടണ്ടന്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളുമായുള്ള സഹകരണം ഇരുപക്ഷത്തിനും ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും ഉച്ചകോടിയിലെ പ്രധാന അജണ്ടയാണ്. നിലവില്‍ ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരം ഏകദേശം 122 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്.

നിലവിലുള്ള വ്യാപാര ക്രമീകരണങ്ങളിലെ പോരായ്മകള്‍ പരിഹരിക്കാനും ഇന്ത്യ- ആസിയാന്‍ ചരക്ക് വ്യാപാര കരാറിന്റെ പുനഃപരിശോധന എത്രയും വേഗം പൂര്‍ത്തിയാക്കാനുമാണ് ഇന്ത്യയുടെ ശ്രമം. കരാറില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. വ്യാപാരത്തിലെ അസന്തുലിതാവസ്ഥ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളികളിലൊന്നായി ഫിലിപ്പീന്‍സ് ഇതിനകം മാറിയിട്ടുണ്ട്. 2022ല്‍ 375 ദശലക്ഷം ഡോളറിന്റെ കരാറിലൂടെ തീരദേശ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മൂന്ന് ബ്രഹ്മോസ് കപ്പല്‍വേധ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാന്‍ ഫിലിപ്പീന്‍സ് ധാരണയിലെത്തിയിരുന്നു. ഇതോടെ ബ്രഹ്മോസ് മിസൈല്‍ സംവിധാനം വാങ്ങുന്ന ആദ്യ വിദേശ രാജ്യമായി ഫിലിപ്പീന്‍സ് മാറി.

കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങുന്നതിലും രാജ്യം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഉച്ചകോടിയില്‍ പ്രത്യേക പ്രാധാന്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഈ സമുദ്രമേഖലയിലെ സംഘര്‍ഷാവസ്ഥയും പ്രാദേശിക സുരക്ഷയില്‍ അതിനുള്ള പ്രാധാന്യവുമാണ് വിഷയം ശ്രദ്ധാകേന്ദ്രമാക്കുന്നത്.

ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആസിയാനും ചൈനയും പെരുമാറ്റച്ചട്ടം രൂപീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഏത് ധാരണയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായിരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കണ്‍വെന്‍ഷന്‍ അനുസരിച്ചായിരിക്കണം ഇത്തരം ക്രമീകരണങ്ങളെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

മ്യാന്‍മറിലെ രാഷ്ട്രീയ പ്രതിസന്ധിയും മേഖലയിലെ മറ്റൊരു പ്രധാന വിഷയമാണ്. രാജ്യത്തെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുന്നതിനോട് ഇന്ത്യയ്ക്ക് യോജിപ്പില്ല. മ്യാന്‍മറുമായി 1,643 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നതും ഭൗമസാമീപ്യവും ഇന്ത്യയുടെ നിലപാടിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.

കൂടാതെ, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും മ്യാന്‍മറിനെയും തെക്കുകിഴക്കന്‍ ഏഷ്യയെയും ബന്ധിപ്പിക്കുന്ന കലാദാന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിപോലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണ്.

സമുദ്രസുരക്ഷ, വ്യാപാരം, പ്രതിരോധം, പ്രാദേശിക സ്ഥിരത തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്തോ- പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ വിപുലീകരിക്കാനുള്ള അവസരമായാണ് മനിലയിലെ ഉച്ചകോടികളെ രാജ്യം കാണുന്നത്.