മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇറാന്റെ 'വിപുലീകരണ മനോഭാവം'; ഷിയാ മതനേതൃത്വത്തിനെതിരെ മാര്‍ക്കോ റൂബിയോ

മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇറാന്റെ 'വിപുലീകരണ മനോഭാവം'; ഷിയാ മതനേതൃത്വത്തിനെതിരെ മാര്‍ക്കോ റൂബിയോ


വാഷിംഗ്ടണ്‍: മധ്യപൂര്‍വേഷ്യയിലെ പ്രധാന സംഘര്‍ഷങ്ങള്‍ക്കും അസ്ഥിരതയ്ക്കും പിന്നില്‍ ഇറാന്റെ ഭരണനേതൃത്വവും അവരുടെ വിപുലീകരണ മനോഭാവവുമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. യെമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയാ സായുധ സംഘങ്ങള്‍, സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ പിന്തുണച്ച സായുധവിഭാഗങ്ങള്‍, ലെബനനിലെ ഹിസ്ബുള്ള എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ പൊതുഘടകം ഇറാനാണെന്നാണ് റൂബിയോയുടെ ആരോപണം.

വാഷിംഗ്ടണില്‍ നടന്ന 2026ലെ ഫെഡറലിസ്റ്റ് സൊസൈറ്റിയുടെ ദേശീയ അഭിഭാഷക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിലെ ഷിയാ മതനേതൃത്വത്തിന്റെ വിപുലീകരണ മനോഭാവം അവഗണിക്കാനാവാത്ത ചരിത്രപരമായ വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യപൂര്‍വേഷ്യയിലെ ഓരോ പ്രധാന പ്രശ്‌നത്തിലും ഇറാന്റെ സ്വാധീനം കാണാമെന്ന് റൂബിയോ ആരോപിച്ചു. സൗദി അറേബ്യയ്‌ക്കെതിരായ ഹൂതി ആക്രമണങ്ങള്‍, ഇറാഖിനെ അസ്ഥിരപ്പെടുത്തുന്ന ഷിയാ സായുധസംഘങ്ങള്‍, സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ അസദിനെ പിന്തുണച്ച സായുധവിഭാഗങ്ങള്‍, ലെബനനിലെ ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഇത് അസാധാരണമായ ചരിത്രപരമായ ഭീഷണിയാണെന്നും അവഗണിക്കാന്‍ കഴിയില്ലെന്നും റൂബിയോ വ്യക്തമാക്കി. ഇറാന്റെ ആണവായുധ ശേഷി തടയുക എന്നതാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

ഫെബ്രുവരി 28ന് ഇറാനിലെ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളോടെയാണ് നിലവിലെ സൈനിക സംഘര്‍ഷം ആരംഭിച്ചത്. തുടര്‍ന്ന് മധ്യപൂര്‍വേഷ്യയിലെ വിവിധ മേഖലകളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. സൈനിക കേന്ദ്രങ്ങള്‍, കപ്പല്‍ ഗതാഗത പാതകള്‍, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായി.

ഞായറാഴ്ചയും മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടര്‍ന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നിരവധി വ്യോമാക്രമണങ്ങള്‍ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി ബഹ്‌റൈന്‍ അറിയിച്ചു. അതേസമയം, സൈനിക നടപടികളെക്കുറിച്ച് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐ ആര്‍ ജി സി) അവകാശവാദങ്ങള്‍ ഉന്നയിച്ചു.

അതിനിടെ, അമേരിക്കയുമായുള്ള ബന്ധത്തില്‍ ദീര്‍ഘകാലം 'യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന അനിശ്ചിതാവസ്ഥ തുടരാന്‍ ഇറാന്‍ അനുവദിക്കില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഗാലിബാഫ് വ്യക്തമാക്കി.

ഞായറാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ അമേരിക്ക അംഗീകരിച്ചാല്‍ ചര്‍ച്ചകളിലൂടെ കരാറിലെത്താനുള്ള വാതില്‍ തുറന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക ചര്‍ച്ചകളുടെ പാതയാണോ യുദ്ധത്തിന്റെ പാതയാണോ തിരഞ്ഞെടുക്കുന്നതെന്നത് ഇറാനെ സംബന്ധിച്ച് പ്രശ്‌നമല്ല. ഇറാന്റെ ഏഴ് ന്യായമായ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ധാരണയിലെത്താന്‍ തയ്യാറാണെന്നും ഗാലിബാഫ് വ്യക്തമാക്കി.

അമേരിക്ക കൂടുതല്‍ തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ സംഘര്‍ഷമുണ്ടായാല്‍ അതിന്റെ ഭൂമിശാസ്ത്രപരമായ വ്യാപ്തി നിര്‍ണയിക്കുക ഇറാന്റെ സായുധസേനയുടെ ശേഷിയും തീരുമാനവുമാകുമെന്നും ഗാലിബാഫ് പറഞ്ഞു.