അമേരിക്കയിലെ വിമാനഗതാഗത പ്രതിസന്ധി; മുന്‍ ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി ഗതാഗത സെക്രട്ടറി

അമേരിക്കയിലെ വിമാനഗതാഗത പ്രതിസന്ധി; മുന്‍ ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി ഗതാഗത സെക്രട്ടറി


വാഷിംഗ്ടണ്‍: രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതിനു പിന്നാലെ അമേരിക്കയിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ ശോച്യാവസ്ഥയ്ക്ക് മുന്‍ ഭരണകൂടങ്ങളെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്തി ഗതാഗത സെക്രട്ടറി സീന്‍ ഡഫി. വ്യോമഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതിന് കോണ്‍ഗ്രസ് 50 ബില്യണ്‍ ഡോളര്‍ അധികമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ അനുവദിച്ച 12.5 ബില്യണ്‍ ഡോളര്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മതിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

വെള്ളിയാഴ്ച അമേരിക്കയിലുടനീളം വിമാനങ്ങള്‍ നിലത്തിറക്കേണ്ടിവന്നതും സര്‍വീസുകള്‍ വ്യാപകമായി തടസ്സപ്പെട്ടതും രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിലെ പോരായ്മകള്‍ വീണ്ടും ചര്‍ച്ചയാക്കി. ഇതിനു പിന്നാലെയാണ് മുന്‍ ഭരണകൂടങ്ങളുടെയും കോണ്‍ഗ്രസിന്റെയും ഭാഗത്തുനിന്നുണ്ടായ ദീര്‍ഘകാല നിക്ഷേപക്കുറവാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഡഫി ആരോപിച്ചത്.

ഞായറാഴ്ച സി എന്‍ എന്നിന്റെ 'സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍' പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അധിക ധനസഹായത്തിനായുള്ള ആവശ്യം ആവര്‍ത്തിച്ചത്. പതിറ്റാണ്ടുകളായി ആവശ്യമായ നിക്ഷേപം ലഭിക്കാത്തതിനാല്‍ വ്യോമഗതാഗത നിയന്ത്രണത്തിന് ഉപയോഗിക്കുന്ന നിര്‍ണായക ഉപകരണങ്ങള്‍ കാലഹരണപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ചത്തെ വിമാനഗതാഗത തടസ്സത്തിന്റെ ഉത്തരവാദിത്വം തനിക്കാണോയെന്ന സി എന്‍ എന്നിന്റെ ചോദ്യത്തിന് ഡഫി നേരിട്ട് മറുപടി നല്‍കിയില്ല. മുന്‍ ഭരണകൂടങ്ങളില്‍നിന്ന് തനിക്ക് കൈമാറിക്കിട്ടിയ സംവിധാനങ്ങളുടെ അവസ്ഥയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

1990കളില്‍ സ്ഥാപിച്ച സംവിധാനങ്ങളും 1960കളിലും 1970കളിലും ഉപയോഗത്തിലുണ്ടായിരുന്ന റഡാര്‍ സംവിധാനങ്ങളും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേരത്തേ അനുവദിച്ച 12.5 ബില്യണ്‍ ഡോളര്‍ അപര്യാപ്തമാണെന്നും ഡഫി പറഞ്ഞു. പതിറ്റാണ്ടുകളായുള്ള നിക്ഷേപക്കുറവിനുശേഷം വ്യോമഗതാഗത മേഖലയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്രയും തുക മതിയാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

റേഡിയോ, റഡാര്‍, ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയവ നവീകരിക്കുന്നതിനാണ് നിലവില്‍ അനുവദിച്ച തുകയില്‍ വലിയൊരു ഭാഗം നീക്കിവെച്ചിരിക്കുന്നത്. ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

വിമാന നിയന്ത്രണ ടവറുകളുടെ മോശം അവസ്ഥയും ഡഫി ചൂണ്ടിക്കാട്ടി. ചില ടവറുകളില്‍ പ്രവര്‍ത്തനക്ഷമമായ ലിഫ്റ്റുകളോ എയര്‍ കണ്ടീഷനിംഗ് സംവിധാനങ്ങളോ ഇല്ല. മറ്റു ചില കെട്ടിടങ്ങളില്‍ മേല്‍ക്കൂര ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഫോക്‌സ് ന്യൂസിന്റെ 'സണ്‍ഡേ' പരിപാടിയിലും ഇതേ വിഷയം അദ്ദേഹം വിശദീകരിച്ചു. റഡാറിനും റേഡിയോ സംവിധാനങ്ങള്‍ക്കുമായി പണം അനുവദിച്ചിട്ടുണ്ടെങ്കിലും പുതിയ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ സ്ഥാപിക്കാനും വിമാനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം നിയന്ത്രിക്കുന്നതിനുള്ള പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കാനും അധിക തുക ലഭിച്ചിട്ടില്ലെന്നാണ് ഡഫിയുടെ വിശദീകരണം.

അനുവദിച്ച തുകയുടെ ചെറിയൊരു ഭാഗം മാത്രമേ ഇതുവരെ ചെലവഴിച്ചിട്ടുള്ളൂവെന്നിരിക്കെ ട്രംപ് ഭരണകൂടം വീണ്ടും പതിനായിരക്കണക്കിന് കോടി ഡോളര്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് ഡെമോക്രാറ്റുകള്‍ ചോദിക്കുന്നു.

കോണ്‍ഗ്രസ് ഭരണകൂടം ആവശ്യപ്പെട്ട ധനസഹായം നേരത്തേ അനുവദിച്ചിട്ടുണ്ടെന്നും കൂടുതല്‍ പണം ആവശ്യമാണെങ്കില്‍ അതിന്റെ വ്യക്തമായ വിശദീകരണവും കണക്കുകളും ഭരണകൂടം നല്‍കണമെന്നും സെനറ്റര്‍ ക്രിസ് വാന്‍ ഹോളന്‍ പറഞ്ഞു.

സി എന്‍ എന്നില്‍ ഞായറാഴ്ച സംസാരിക്കവെയാണ് അദ്ദേഹം ഡഫിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്. സുരക്ഷിതവും വിശ്വസനീയവുമായ വ്യോമഗതാഗത സംവിധാനം ഉറപ്പാക്കാന്‍ ആവശ്യമായ ധനസഹായത്തെ പിന്തുണയ്ക്കുമെന്നും എന്നാല്‍ അതിനുള്ള ആവശ്യകത ഭരണകൂടം വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തിന്റെ നവീകരണത്തിനായി അധികമായി 50 ബില്യണ്‍ ഡോളര്‍ അനുവദിക്കണമെന്ന ഡഫിയുടെ ആവശ്യം ഇതോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. വിമാന സര്‍വീസുകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം ധനവിനിയോഗത്തിന്റെ ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാകുന്നു.