ട്രംപും പുടിനും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചകോടി നവംബര്‍ 19ന് ഷെന്‍ഷെനില്‍; ആതിഥേയത്വം വഹിച്ച് ഷി ജിന്‍പിങ്

ട്രംപും പുടിനും പങ്കെടുക്കുന്ന ത്രിരാഷ്ട്ര ഉച്ചകോടി നവംബര്‍ 19ന് ഷെന്‍ഷെനില്‍; ആതിഥേയത്വം വഹിച്ച് ഷി ജിന്‍പിങ്


ബിജിംഗ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെയും പങ്കെടുപ്പിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ത്രിരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കും. നവംബര്‍ 19 വ്യാഴാഴ്ച ചൈനയിലെ ഷെന്‍ഷെന്‍ നഗരത്തിലാണ് ചരിത്രപ്രധാനമായ കൂടിക്കാഴ്ച നടക്കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ചൈന, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ആദ്യ ത്രിരാഷ്ട്ര ഉച്ചകോടിയാണിത്. നവംബര്‍ 19ന് ഷെന്‍ഷെനില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ പങ്കാളിത്തത്തില്‍ ചൈന- റഷ്യ- അമേരിക്ക രാഷ്ട്രത്തലവന്മാരുടെ യോഗം നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍, നിര്‍ണായകമായ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന ഏഷ്യ- പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെയാണ് മൂന്ന് രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും ചര്‍ച്ചയില്‍ ഇടംപിടിക്കുമോയെന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.