ജെന്‍സന്‍ ഹുവാങും ആലീസ് ഹുവാങും ഒരുമിച്ച്; പഴയ ചിത്രങ്ങള്‍ പുറത്ത്, ചാരവൃത്തി ആരോപണവും വിവാദത്തില്‍

ജെന്‍സന്‍ ഹുവാങും ആലീസ് ഹുവാങും ഒരുമിച്ച്; പഴയ ചിത്രങ്ങള്‍ പുറത്ത്, ചാരവൃത്തി ആരോപണവും വിവാദത്തില്‍


വാഷിംഗ്ടണ്‍: എന്‍വിഡിയ മുന്‍ മേധാവി ജെന്‍സന്‍ ഹുവാംഗും ചൈനീസ് വ്യവസായ സംരംഭക ആലീസ് ഹുവാംഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കിടെ ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രങ്ങള്‍ പുറത്തുവന്നു. 2024 ജൂണില്‍ തായ്വാനില്‍ നടന്ന കമ്പ്യൂട്ടെക്‌സ് പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് റോയിട്ടേഴ്സ് പുറത്തുവിട്ടത്.

തന്റെ പതിവ് കറുത്ത ലെതര്‍ ജാക്കറ്റണിഞ്ഞ ജെന്‍സന്‍ ഹുവാംഗ് മുഖ്യപ്രഭാഷണത്തിനുശേഷം ആരാധകരെയും അനുയായികളെയും അഭിവാദ്യം ചെയ്യുന്നതാണ് ചിത്രങ്ങളിലുള്ളത്. മഞ്ഞ വസ്ത്രം ധരിച്ച ആലീസ് ഹുവാംഗ് അദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്നതും ഇരുവരും പുഞ്ചിരിച്ചുകൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുന്നതും കാണാം. മറ്റൊരു ചിത്രത്തില്‍ ആലീസ് വലതുകൈ ജെന്‍സന്‍ ഹുവാംഗിന്റെ തോളില്‍ വെച്ചിരിക്കുമ്പോള്‍ അദ്ദേഹം ഇടതുകൈ അവരുടെ അരക്കെട്ടില്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നതായും കാണാം.

ആലീസ് ഹുവാംഗിനെതിരെ ചൈനയ്ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം റിക്രൂട്ട് ചെയ്ത ചാരവൃത്തിയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും എന്‍വിഡിയയുടെ ചിപ്പ് സാങ്കേതികവിദ്യയെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെയും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചെന്നുമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്റര്‍ കമ്പനിയായ മെഗാസ്പീഡിന്റെ മുന്‍ സി ഇ ഒയും നിയന്ത്രണ ഓഹരിയുടമയുമായിരുന്നു ആലീസ് ഹുവാംഗ്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ മെഗാസ്പീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ഗെയിമിംഗ് മേഖലയുമായി ബന്ധപ്പെട്ട് നിര്‍ജീവാവസ്ഥയിലായിരുന്ന ഒരു ഉപസ്ഥാപനത്തില്‍നിന്ന് എന്‍വിഡിയയുടെ പ്രമുഖ ഉപഭോക്താക്കളിലൊന്നായി കമ്പനി വളര്‍ന്നു. കോടിക്കണക്കിന് ഡോളറിന്റെ നൂതന എഐ പ്രോസസറുകള്‍ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

നിയന്ത്രിത കയറ്റുമതി വ്യവസ്ഥകള്‍ മറികടന്ന് എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ അനധികൃത ചൈനീസ് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ മെഗാസ്പീഡ് ശ്രമിച്ചോയെന്ന സംശയത്തിലാണ് അമേരിക്കയിലെയും സിംഗപ്പൂരിലെയും അധികൃതര്‍ അന്വേഷണം നടത്തുന്നത്. സെര്‍വറുകളെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രഖ്യാപിക്കുകയും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഡേറ്റാ സെന്ററുകളെ ഇടനില സംവിധാനങ്ങളായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

അതേസമയം, ചാരവൃത്തി ആരോപണങ്ങള്‍ ബീജിംഗ് നിഷേധിച്ചു. അടിസ്ഥാനരഹിതമായ അപവാദപ്രചാരണങ്ങളാണിതെന്നാണ് ചൈനയുടെ പ്രതികരണം.

ആലീസ് ഹുവാംഗിനെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് സിംഗപ്പൂര്‍ പൊലീസ് ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് അവരെ വിളിച്ചുവരുത്തിയിട്ടില്ലെന്നും സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, കോര്‍പറേറ്റ് തട്ടിപ്പ്, വിതരണക്കാരെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ വിഷയങ്ങളില്‍ മെഗാസ്പീഡിനെതിരെ ആഭ്യന്തര അന്വേഷണം തുടരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു.

വിവാദങ്ങള്‍ക്കിടെ ആലീസ് ഹുവാംഗ് 2025ല്‍ തന്നെ കമ്പനിയില്‍നിന്ന് പിരിഞ്ഞിരുന്നുവെന്നും അതിനുശേഷം മെഗാസ്പീഡുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനി നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും നിയമാനുസൃതവും സുതാര്യവുമാണെന്നും മെഗാസ്പീഡ് അവകാശപ്പെട്ടു.

വിഷയത്തില്‍ സമഗ്രമായ ആഭ്യന്തര പരിശോധന നടത്തുന്നതിനായി പുറത്തുനിന്നുള്ള നിയമവിദഗ്ധരുടെ സേവനം തേടിയതായും കമ്പനി അറിയിച്ചു.

ജെന്‍സന്‍ ഹുവാംഗും ആലീസ് ഹുവാംഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കും എന്‍വിഡിയയുടെ എഐ ചിപ്പ് വ്യാപാരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കും പിന്നാലെയാണ് പഴയ ചിത്രങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.