കൊല്‍ക്കത്ത: ഇടതുമുന്നണി വിട്ട് ഡിഎംകെ രൂപീകരിക്കുകയും യുഡിഎഫില്‍ ചേരാന്‍ കച്ചമുറുക്കി ഇറങ്ങുകയും ചെയ്ത നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാളിലെത്തിയാണ് അന്‍വര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. അന്‍വര്‍ അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.
അന്‍വര്‍ യുഡിഎഫിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍ഡിഎഫ് വിട്ട അന്‍വര്‍, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (D-M-K) എന്ന പാര്‍ട്ടി നേരത്തെ രൂപീകരിച്ചിരുന്നുവെങ്കിലും ജനപിന്തുണ ലഭിച്ചിരുന്നില്ല.
ഇതിന് പിന്നാലെ യുഡിഎഫിലേക്ക് ചേക്കേറുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. ലീഗ് നേതാക്കളുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍ ഏവരെയും അമ്പരിപ്പിച്ച് കൊണ്ടാണ് അന്‍വര്‍ ഇപ്പോള്‍ ടിഎംസിയില്‍ ചേര്‍ന്നത്.
കൊല്‍ക്കത്തയിലെ അഭിഷേക് ബാനര്‍ജിയുടെ വസതിയില്‍ വച്ചാണ് അന്‍വറിന് അംഗത്വം നല്‍കിയത്. നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അന്‍വറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുറിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കീഴിലുള്ള ടിഎംസി ബംഗാളിലെ ഭരണ പാര്‍ട്ടിയാണ്. കേരളത്തിലും പാര്‍ട്ടിയുടെ സ്വാധീനം ചെലുത്താനാണ് അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
യുഡിഎഫിലേക്കുള്ള പ്രവേശന സാധ്യത സജീവമാക്കിയെന്ന തരത്തില്‍ പിവി അന്‍വര്‍ ജനുവരി 07ന് പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ അറസ്റ്റിനെ ശക്തമായി എതിര്‍ത്ത മുസ്ലീം ലീഗ് നേതാക്കള്‍ക്ക് നേരിട്ട് നന്ദി അറിയിക്കാനായിരുന്നു സന്ദര്‍ശനം എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. എന്നാല്‍ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് അന്‍വര്‍ പാണക്കാട്ട് എത്തിയതെന്ന തരത്തില്‍ അഭ്യൂഹം ഉണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശനെ കാണുമെന്നും ഫോണിലുടെ അദ്ദേഹത്തോട് സംസാരിച്ചുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. 2026ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വനം നിയമ ഭേദഗതി ബില്ലിന് എതിരെയുള്ള സമരം യുഡിഎഫ് ഏറ്റെടുക്കണമെന്നും ഇതിന്, പിന്നില്‍ നിന്നും തന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് വിഡി സതീശനും പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതിനെടെയാണ് പൊടുന്നനെ കൊല്‍ക്കത്തയിലെത്തിയ അന്‍വര്‍ ടിഎംസി അംഗത്വം സ്വീകരിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശം ഇനി എളുപ്പമാകില്ല. ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കോണ്‍ഗ്രസിനനുകൂല നിലപാടല്ല തൃണമൂല്‍ കോണ്‍ഗ്രസും മമതാബാനര്‍ജിയും സ്വീകരിക്കുന്നത്.
പലപ്പോഴും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് മമത ദേശീയ തലത്തില്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ ഘടക കക്ഷിയാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമെടുക്കുന്ന നിലപാട് അന്‍വറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. മാത്രമല്ല, പ്രിയങ്കാ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലാണ് അന്‍വറിന്റെ നിയമസഭാ മണ്ഡലമായ നിലമ്പൂര്‍ ഉള്‍പ്പെടുന്നതെന്നതും ശ്രദ്ധേയമാണ്. അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് എന്തു പദവിയാണ് നല്‍കാന്‍ പോകുന്നതെന്നതും വരും ദിവസങ്ങളില്‍ നിര്‍ണായകമാണ്.
യുഡിഎഫിലേക്ക് പോകാനൊരുങ്ങിയ പി വി അന്‍വര്‍ തൃണണൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു