ബോചെയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി; പ്രത്യേക പരിഗണന ഇല്ലെന്ന് ജഡ്ജി

ബോചെയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി; പ്രത്യേക പരിഗണന ഇല്ലെന്ന് ജഡ്ജി


കൊച്ചി: നടി ഹണി റോസിനെ ദുസ്സൂചനകളോടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ബോബിക്ക് ഒരു പ്രത്യേക പരിഗണനയുമില്ലെന്നും സാധാരണക്കാരെ പോലെ ജാമ്യഹര്‍ജി ലഭിച്ചാല്‍ നാലു ദിവസം കൊണ്ടേ നടപടികള്‍ പൂര്‍ത്തിയാക്കൂ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയും നിലപാട് ചൊവ്വാഴ്ചയ്ക്കകം അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. പൊതുഇടങ്ങളില്‍ ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ബോബി നടത്തരുതായിരുന്നെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ഇതിനോട്, ഇനി ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് ബോബിയോട് താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാമന്‍ പിള്ള കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് ബോബിയുടെ അഭിഭാഷകര്‍ ജമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഹണി റോസിന്റെ പരാതി മാധ്യമങ്ങളിലൂടെ വേട്ടയാടാന്‍വേണ്ടിയുള്ളതാണെന്ന് ബോബി ജാമ്യഹര്‍ജിയില്‍ പറഞ്ഞു. ഈ ഉദ്ദേശത്തോടെയാണ് പരാതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് അവര്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. നടിയുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ട്. തന്റെ മൂന്നു ജ്വല്ലറികള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്.
തെറ്റ് ചെയ്തിട്ടില്ല. താന്‍ ജനകീയനായ ബഹുമാനിക്കപ്പെടുന്ന വ്യവസായി ആണെന്നും ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. കാക്കനാട് ജില്ലാ ജയിലിലാണ് നിലവില്‍ ബോബി റിമാന്‍ഡില്‍ കഴിയുന്നത്. ബോബിയെ എത്രയും വേഗം പുറത്തിറക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചത്.