ചെന്നൈ: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ വധ ശിക്ഷ ഉള്‍പ്പെടെ നല്‍കുന്ന രണ്ട് നിയമ ഭേദഗതികള്‍ പാസാക്കി തമിഴ്നാട് നിയമസഭ. ലൈംഗിക കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
1998 ലെ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) നിയമവും സ്ത്രീകള്‍ക്കെതിരായ തമിഴ്നാട് പീഡന നിരോധന നിയമവുമാണ് ഭേദഗതി ചെയ്ത് കര്‍ശനമായ ശിക്ഷ ഏര്‍പ്പെടുത്തിയത്. തമിഴ്നാട് നിയമസഭ ഏകകണ്ഠമായി ഭേദഗതികള്‍ പാസാക്കി.
സെക്ഷന്‍ 64 (1) ഇപ്പോള്‍ ലൈംഗികാതിക്രമത്തിന് കുറഞ്ഞത് 14 വര്‍ഷം കഠിന തടവും കുറഞ്ഞത് 10 വര്‍ഷം തടവും അനുശാസിക്കുന്നു. ഒരു കുറ്റവാളിയുടെ ശിക്ഷ ജീവപര്യന്തമായി നീട്ടിയാല്‍ സ്വാഭാവിക മരണം സംഭവിക്കുന്നത് വരെ ആ ശിക്ഷ അനുഭവിക്കേണ്ടിവരും.
12 വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്ക് സെക്ഷന്‍ 65 (2) പ്രകാരം 20 വര്‍ഷത്തില്‍ കുറയാത്ത കഠിന തടവോ ജീവപര്യന്തം തടവോ തീവ്രമായ കേസുകളില്‍ വധശിക്ഷയും നല്‍കാന്‍ വ്യവസ്ഥയുണ്ട്.
18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ കൂട്ടമായി നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങളാണ് സെക്ഷന്‍ 70 (2) കൈകാര്യം ചെയ്യുന്നത്. ഇതിനും ജീവപര്യന്തം തടവും പിഴയും വധശിക്ഷയും നല്‍കാവുന്നതാണ്. ആവര്‍ത്തിച്ചുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് സെക്ഷന്‍ 71 അനുശാസിക്കുന്നത്.
ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവിന് കാരണമാകുമെന്ന് സെക്ഷന്‍ 72 (1) വ്യക്തമാക്കുന്നു. അതേസമയം, ലൈംഗിക ഉദ്ദേശത്തോടെ പിന്തുടരുന്നത് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് സെക്ഷന്‍ 77 പറയുന്നു.
ഭേദഗതി ചെയ്ത വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍, പ്രതിക്ക് ജാമ്യം നിഷേധിക്കപ്പെടും. ഭേദഗതി പ്രകാരം 1998-ലെ സ്ത്രീകള്‍ക്കെതിരായ പീഡന നിരോധന നിയമത്തിലെ 'പീഡനം' എന്നത് ശാരീരികം, വാക്കു കൊണ്ടോ അല്ലാതെയോ, സ്പര്‍ശനം, ഇലക്ട്രോണിക് അല്ലെങ്കില്‍ മറ്റേതെങ്കിലും പീഡന മാര്‍ഗങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി വിശാലമായി നിര്‍വചിക്കുന്നു.
കുറ്റകൃത്യത്തിനുള്ള പിഴ വര്‍ധിപ്പിക്കുന്നതിന് നിയമത്തിലെ സെക്ഷന്‍ 4 തമിഴ്നാട് പരിഷ്‌കരിച്ചു. കുറ്റവാളികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന പിഴയുമുണ്ട്. മുമ്പ് ഇത് 10,000 രൂപയായിരുന്നു. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികള്‍ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 86 ശതമാനം കേസുകളിലും 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം പാസാക്കി തമിഴ്നാട്