ലോസ് ആഞ്ചലസ് തീപിടുത്തത്തില്‍ തന്റെ വീട് കത്തിനശിച്ചെന്ന് ഹോളിവുഡ് താരം മെല്‍ ഗിബ്‌സണ്‍

ലോസ് ആഞ്ചലസ് തീപിടുത്തത്തില്‍ തന്റെ വീട് കത്തിനശിച്ചെന്ന് ഹോളിവുഡ് താരം മെല്‍ ഗിബ്‌സണ്‍


ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീ വ്യാപക നാശം വിതയ്ക്കുന്നതിനിടയില്‍ ഹോളിവുഡിലും അഗ്നിതാണ്ഡവം. കാട്ടുതീയില്‍ തന്റെ വീട് നശിച്ചതായി ഹോളിവുഡ് താരവും ഓസ്‌കാര്‍ ജേതാവുമായ മെല്‍ ഗിബ്‌സണ്‍ വെളിപ്പെടുത്തി.

ജോ റോഗന്റെ പോഡ്കാസ്റ്റ് റെക്കോര്‍ഡുചെയ്യുന്നതിനിടയിലാണ് കാട്ടുതീയില്‍ മലിബുവിലെ തന്റെ വീടും പൂര്‍ണമായും വെണ്ണീറായതായി താരം വെളിപ്പെടുത്തിയത്. പ്രതിസന്ധി തുരുന്നതിനാല്‍ അദ്ദേഹം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനെ വിമര്‍ശിക്കുകയും ചെയ്തു.

ആയിരക്കണക്കിന് കെട്ടിടങ്ങള്‍ കത്തിനശിച്ച കാട്ടുതീയില്‍ കുറഞ്ഞത് 10 പേരോളം മരിച്ചതായാണ് കണക്ക്. പതിനായിരക്കണക്കിന് നിവാസികളെ ഒഴിപ്പിക്കുകയും ചെയ്തു.

നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ വിലപിടിച്ച സ്വത്തുവകകള്‍ അഗ്നിക്കിരയായതായി പറഞ്ഞു. അതേസമയം വരണ്ട കാറ്റോടുകൂടിയ കാലാവസ്ഥ കാട്ടുതീ കൂടുതല്‍ വ്യാപിക്കുന്നതിനും ശക്തമായി കത്തുന്നതിനും കാരണമാകുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജോ റോഗന്‍ എക്‌സ്പീരിയന്‍സ് എന്ന പോഡ്കാസ്റ്റ് പരിപാടിയില്‍ അതിഥിയായി പങ്കെടുക്കാന്‍ ടെക്‌സസിലെ ഓസ്റ്റിന്‍ സന്ദര്‍ശിച്ചത്  മനോവിഷമത്തോടുകൂടിയായിരുന്നുവെന്ന് ഗിബ്‌സണ്‍ പറഞ്ഞു. തന്റെ അയല്‍ പ്രദേശത്ത് വരെ കാട്ടുതീയെത്തി എന്നഅറിവാണ് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'വിനാശകരമായ ഈ സംഭവം ഏറെ വൈകാരികമാണെന്ന്', ന്യൂസ്‌നേഷന്റെ എലിസബത്ത് വര്‍ഗാസ് കാട്ടുതീയെക്കുറിച്ച് ചെയ്ത റിപ്പോര്‍ട്ടുകള്‍ നിരീക്ഷിച്ച ഗിബ്‌സണ്‍ പറഞ്ഞു.

ഇനി ഒന്നിനെ ഓര്‍ത്തും ഭാരപ്പെടേതില്ല. കാരണം ഇതിനകം വിലപ്പെട്ട വസ്തുക്കളെല്ലാം കരിക്കട്ടയായി മാറി'-.അദ്ദേഹം പറഞ്ഞു.

ഏകദേശം 15 വര്‍ഷമായി താമസിക്കുന്ന വീടായിരുന്നു അത്.  നടന്‍ എഡ് ഹാരിസിന്റെ വീട് ഉള്‍പ്പെടെ അയല്‍വാസികളില്‍ ചിലരുടെ വീടുകളും പോയിട്ടുണ്ടെന്നും 'ബ്രേവ് ഹാര്‍ട്ട് ' താരം പറഞ്ഞു.

തന്റെ കുടുംബം അധികൃതര്‍ നല്‍കിയ ഒഴിപ്പിക്കല്‍ ഉത്തരവ് പാലിച്ചതായും അവര്‍ സുരക്ഷിതരാണെന്നും ഗിബ്‌സണ്‍ പറഞ്ഞു.

റോഗനോടൊപ്പമുള്ള പോഡ്കാസ്റ്റില്‍, ഗിബ്‌സണ്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനെയും വിമര്‍ശിച്ചു. 'വനങ്ങളെ പരിപാലിക്കാന്‍ പോകുകയാണെന്ന്' ന്യൂസോം അവകാശപ്പെട്ടുവെങ്കിലും അദ്ദേഹം 'ഒന്നും ചെയ്തില്ല' എന്ന് ഗിബ്‌സണ്‍ പറഞ്ഞു.

'ഞങ്ങള്‍ സര്‍ക്കാരിലേക്ക് അടച്ച നികുതിയെല്ലാം ഒരുപക്ഷേ ഗാവിന്റെ ഹെയര്‍ ജെല്ലിനുവേണ്ടി ചെലവഴിച്ചുകാണുമെന്നും നടന്‍ പരിഹസിച്ചു.

ലോസ് ആഞ്ചലസിലെ 31, 000 ഏക്കര്‍ (12,500 ഹെക്ടര്‍) ഭൂമിയിലാണ്  കാട്ടുതീ പടര്‍ന്നിട്ടുള്ളത്. ഇവിടെങ്ങളില്‍ നിന്ന് 180,000 പേരെ ഒഴിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ലോസ് ആഞ്ചലസ് നേരിടുന്നത്.

ലോസ് ആഞ്ചലസിലെ പാലിസാഡെസ്, ഈറ്റണ്‍, കെന്നത്ത്, ഹര്‍സ്റ്റ്, ലിഡിയ എന്നീ പ്രദേശങ്ങളിലായി അഞ്ച് കാട്ടുതീ ഇപ്പോഴും സജീവമായി കത്തിപ്പടരുകയാണ്.

10, 000 കെട്ടിടങ്ങള്‍ നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്ന് കാലിഫോര്‍ണിയ ഫയര്‍ ചീഫ് ഡേവിഡ് അക്യൂണ റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിനോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായ കാറ്റ് പ്രദേശത്ത് കൂടുതല്‍ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ ഉദാസീനത കാട്ടിയ ഡെമോക്രാറ്റായ കാലിഫോര്‍ണിയ ഗവര്‍ണര്‍ ന്യൂസോം രാജിവയ്ക്കണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു, യുഎസിന്റെ 'ഏറ്റവും മികച്ചതും മനോഹരവുമായ' ഭാഗങ്ങളിലൊന്ന് 'കത്തിക്കൊണ്ടിരിക്കുകയാണ്' എന്ന് ട്രംപ് പറഞ്ഞു.
കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന അധികാരികള്‍ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ന്യൂസോം പ്രതികരിച്ചു.

 ആളുകളെ സംരക്ഷിക്കുന്നതിലും അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിലുമാണ് ന്യൂസോം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അറിയിച്ച ഗവര്‍ണറുടെ വക്താവ് ദുരന്തത്തെ ട്രംപ് രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചു.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വ്യാപകവും വിനാശകരവുമായ തീപിടുത്തത്തിന് ശേഷം കാലിഫോര്‍ണിയയിലേക്ക്  അധിക ഫെഡറല്‍ സഹായം എത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.