ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന

ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധ വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന


ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ സാര്‍സ്‌കോവ് -2 (Sars Cov-2) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തിനുള്ളിലെ കണക്കുകളാണ് ലോകാരോഗ്യ സംഘടന നിരത്തിയത്. ഏഷ്യയിലെ ആദ്യ മൂന്ന് രാജ്യങ്ങള്‍ ഇന്ത്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നിവയാണെന്ന് ലോകാരോഗ്യ സംഘടന  വ്യക്തമാക്കി. കൊവിഡുമായി ബന്ധപ്പെട്ട് അധികൃതര്‍ സമാഹരിച്ച ഏറ്റവും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 2,659 പുതിയ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു, ഇത് മുന്‍ കാലയളവിനെ അപേക്ഷിച്ച് 29 ശതമാനം വര്‍ധിച്ചെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. 11 രാജ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ പുതിയ കേസുകളില്‍ 20 ശതമാനമോ അതില്‍ കൂടുതലോ വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും ഉയര്‍ന്ന ആനുപാതിക വര്‍ധനവ് ഇന്തോനേഷ്യയിലും തായ്ലന്‍ഡിലുമാണ്. ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തായ്ലന്‍ഡില്‍ നിന്നാണ്, 2,014 പുതിയ കേസുകളാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തതെന്നും, ഇന്ത്യയില്‍ നിന്ന് 398 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും WHO പറഞ്ഞു. ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 10 വരെയുള്ള കാലയളവിലെ കൊവിഡ് കേസുകളിലെ വര്‍ധനവ് പ്രകാരമാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മുമ്പത്തെ 28 ദിവസത്തെ കാലയളവിനെ അപേക്ഷിച്ച് നിലവിലെ കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ 67 ശതമാനം കുറവുണ്ടായി. ഏഴ് പുതിയ മരണങ്ങളാണ് ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ പുതിയ കൊവിഡ് മരണങ്ങള്‍ (4) റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. എങ്കിലും, ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രശസ്ത ആരോഗ്യ വിദഗ്ധയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയറിന്റെ ചെയര്‍ പ്രോഗ്രാം അഡൈ്വസര്‍ കമ്മിറ്റി ചെയര്‍യുമായ പ്രൊഫസര്‍ സുനീല ഗാര്‍ഗ് പറഞ്ഞു.

'ശൈത്യകാലത്ത്, കടുത്ത പനിയും കൊവിഡ് പോലുള്ള പനി അണുബാധയും ഉണ്ടാകാം. എന്നിരുന്നാലും, ഇന്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും ഇതിനകം വാക്സിനേഷന്‍ എടുത്തിട്ടുണ്ട്. അതിനാല്‍, വിഷമിക്കേണ്ട കാര്യമില്ല,' എന്നും പ്രൊഫസര്‍ ഗാര്‍ഗ് പറഞ്ഞു. അതേസമയം, ഇന്ത്യയില്‍ 220 കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി. കോവിന്‍ ഡാറ്റ പ്രകാരം, ഇന്ത്യയില്‍ ഇതിനകം 220 കോടി 68 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്, 100 കോടിയിലധികം പേര്‍ക്ക് ഒന്നാം ഡോസും, 95 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും, 22 കോടിയിലധികം പേര്‍ക്ക് മുന്‍കരുതല്‍ ഡോസും നല്‍കിയിട്ടുണ്ട്.