റണ്‍വേ നവീകരണം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസ് പുന:ക്രമീകരിക്കും

റണ്‍വേ നവീകരണം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സര്‍വീസ് പുന:ക്രമീകരിക്കും


തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാന സര്‍വീസ് പുന:ക്രമീകരിക്കും. 14 മുതല്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സര്‍വീസുകളുടെ സമയമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ ജോലികളാണ് നടക്കാനുള്ളത്.

മാര്‍ച്ച് 29 വരെയാണു റണ്‍വേ നവീകരണം നടക്കുന്നത്. 374 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വേ 2017ലാണ് അവസാനമായി നവീകരിച്ചത്. നിലവിലുള്ള റണ്‍വേയുടെ ഉപരിതലം പൂര്‍ണമായി മാറ്റി രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഘര്‍ഷണം ഉറപ്പാക്കി പുനര്‍നിര്‍മിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിലവിലെ എയര്‍ഫീല്‍ഡ് ഗ്രൗണ്ട് ലൈറ്റിങ് സിസ്റ്റം എല്‍ഇഡിയാക്കി മാറ്റും. പുതിയ സ്റ്റോപ്പ് ബാര്‍ ലൈറ്റ് സ്ഥാപിക്കും.

യാത്രക്കാര്‍ക്ക് അസൗകര്യം പരമാവധി കുറയ്ക്കുന്ന രീതിയിലാണു സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നത്. പുതിയ സമയക്രമം വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിക്കും. പ്രതിദിനം 96 സര്‍വീസുകള്‍ ഈ കാലയളവില്‍ ഓപ്പറേറ്റ് ചെയ്യും. നവീകരണത്തിന് ശേഷം ഏപ്രില്‍ മുതലുള്ള വേനല്‍ക്കാല ഷെഡ്യൂളില്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം നീണ്ട മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണു റണ്‍വേ നവീകരണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്