വോട്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് പണം തന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍

വോട്ടിംഗ് വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക ഇന്ത്യയ്ക്ക് പണം തന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍


ന്യൂഡല്‍ഹി: രാജ്യത്ത് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി തന്റെ കാലത്ത് അമേരിക്കന്‍ ഏജന്‍സികള്‍ പണം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേഷി. അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വകുപ്പായ ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) നിരവധി ചെലവുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ള പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ഖുറേഷിയുെട പ്രതികരണം. രാജ്യത്ത് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായി അമേരിക്ക 2.1 കോടി അമേരിക്കന്‍ ഡോളര്‍ അനുവദിച്ചിരുന്നുവെന്നും ഇനി ഇതുണ്ടാകില്ലെന്നുമായിരുന്നു ഇന്ന് ഡോജിന്റെ പ്രഖ്യാപനം.

നികുതിദായകരുടെ പണം ചെലവിടുന്ന പല പദ്ധതികള്‍ക്കുമുള്ള സഹായങ്ങള്‍ അമേരിക്ക വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചിരുന്നു. അതിലാണ് ഇതും ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ ശക്തിപ്പെടുത്താനുള്ള 4860 ലക്ഷം ഡോളറിന്റെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
2012ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ഫണ്ടുപയോഗിക്കാന്‍ ധാരണയുണ്ടാക്കിയിരുന്നുവെന്ന വാദം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഖുറേഷി പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാജ്യാന്തര തെരഞ്ഞെടുപ്പ് സംവിധാനം(ഐഎഫ്ഇഎസ്) മായി ധാരണയുണ്ടാക്കിയിരുന്നു. ഇത് തെരഞ്ഞെടുപ്പ് സംവിധാനം ശക്തമാക്കാനുള്ളത് മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ യാതൊരു ധനകാര്യ ഇടപാടോ പണ വാഗ്ദാനമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോജിന്റെ എക്സ് പോസ്റ്റ് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശ ഇടപെടല്‍ ഉണ്ടായി എന്നത് വ്യക്തമാക്കുന്നുവെന്ന് ആരോപിചച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് എത്തി. ആരായിരുന്നു ഇതിന്റെ ഗുണഭോക്താക്കളെന്നും അദ്ദേഹം ചോദിച്ചു. ഭരണകക്ഷിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് മുന്‍ യുപിഎ സര്‍ക്കാരിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. രാജ്യത്തിന്റെ താത്പര്യങ്ങള്‍ വിരുദ്ധമായി എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് സംശയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുഭാഗത്തിനും നിയമപരമോ ധനപരമോ ആയ യാതൊരു ബാധ്യതയുമില്ലാത്ത ധാരണാപത്രമായിരുന്നു ഇതെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. ഇതില്‍ യാതൊരു അവ്യക്തതയുമില്ല. 2010 ജൂലൈ മുപ്പത് മുതല്‍ 2012 ജൂണ്‍ പത്ത് വരെ അദ്ദേഹമായിരുന്നു രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.